മുണ്ടേല രാജീവ്ഗാന്ധി സഹകരണ സംഘം : ക്രമക്കേട്; അറസ്റ്റിലായ രണ്ട് മുൻ ജീവനക്കാർക്ക് ജാമ്യം
1580210
Thursday, July 31, 2025 6:54 AM IST
നെടുമങ്ങാട്: മുണ്ടേല രാജീവ്ഗാന്ധി റെസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത രണ്ടു മുൻ ജീവനക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. സംഘത്തിലെ മുൻ അറ്റൻഡർ എ.എസ്. സുനിൽ കുമാർ, നൈറ്റ് വാച്ച്മാൻ എസ്. ബിജുകുമാർ എന്നിവർക്കാണ് നെടുമങ്ങാട് കോടതി ജാമ്യം നൽകിയത്.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോൾ കോടതി ഇവരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്.
സംഘത്തിലെ മുൻ സെക്രട്ടറി രാഖിയെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതികളായവരുടെ വസ്തു വകകൾ കണ്ടുകെട്ടുന്നതിനായി വസ്തുക്കളുടെ സർവേ നമ്പർ ഉൾപ്പെടെ കളക്ടർക്ക് നൽകിയിട്ടുണ്ടെന്നും കേസിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.