ജവഹർനഗർ വസ്തു തട്ടിപ്പുകേസ്: അനന്തപുരി മണികണ്ഠന് അറസ്റ്റില്‍
1579994
Wednesday, July 30, 2025 6:46 AM IST
പിടിയിലായത് ബംഗലൂരുവിലെ ഹോട്ടലില്‍ നിന്ന്
പേരൂര്‍ക്കട: വ്യാജരേഖ ചമച്ച് കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുവും വീടും തട്ടിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിനു സമീപം എം.ആര്. ഹില്‍സ് ഹൗസ് നമ്പര്‍ 17 ഗണപതിഭദ്ര വീട്ടില്‍ അനന്തപുരി മണികണ്ഠന് എന്നറിയപ്പെടുന്ന സി.എ. മണികണ്ഠന് (46) ആണ് അറസ്റ്റിലായത്. നിലവില്‍ ഇയാള്‍ മേലാംകോടിനു സമീപം മണ്ണടി ശിവക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
മ്യൂസിയം സിഐ എസ്. വിമല്‍, എസ്ഐ ജി.സി. വിപിന്‍, സിപിഒമാരായ ഷൈന്‍, ഉദയകുമാര്‍, അനീഷ് ചന്ദ്രന്, മനോജ്, പത്മരാജ്, ഷിനി എന്നിവര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ബംഗളൂരു വിലെ ക്രസന്റ് റോഡിലുള്ള നാലപ്പാട് ഹോട്ടലില്‍ നിന്നാണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ നിലവില്‍ ഡിസിസി അംഗവും ആധാരമെഴുത്ത് അസോസിയേഷന് ചാല യൂണിറ്റ് പ്രസിഡന്റുമാണ്. ഡോറ അസറിയ ക്രിപ്സ് എന്നയാളുടെ ജവഹര്‍ നഗറിലെ വസ്തുവും വീടും അവരറിയാതെ തട്ടിയെടുക്കുന്നതില്‍ വ്യാജരേഖകള്‍ ചമച്ച് സങ്കീര്‍ണമായ പ്രക്രിയകള്‍ നടത്തിയത് മണികണ്ഠനായിരുന്നു. സംഭവത്തില്‍ കൊല്ലം പുനലൂര്‍ സ്വദേശിനി മെറിന് ജേക്കബ്, കരകുളം സ്വദേശിനി വസന്ത എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.
വസ്തു തട്ടിയെടുക്കുന്നതില്‍ എല്ലാ സഹായങ്ങളും ഇവര്‍ക്കായി ചെയ്തതു മണികണ്ഠനായിരുന്നു. വ്യാജ പ്രമാണം ഉണ്ടാക്കിയെടുക്കുന്നതിലും അതു സബ്രജിസ്ട്രാര്‍ ഓഫീസില്‍ നല്കി മെറിന് ജേക്കബിന്റെ പേരിലാക്കുന്നതിനും ഇയാളുടെ കൈകയച്ച സഹായം ഉണ്ടായി.
പിന്നീട് ഈ വസ്തു മെറിന് ജേക്കബ് ശാസ്തമംഗലം സ്വദേശി ചന്ദ്രസേനനു വിലയാധാരമായി നല്‍കുകയായിരുന്നു. മണികണ്ഠനെ ചൊവ്വാഴ്ച രാത്രി എട്ടോടുകൂടിയാണ് അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിച്ചത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് അനന്തപുരി മണികണ്ഠനു കോടിക്കണക്കിനു രൂപ ലഭിച്ചതായാണ് അന്വേഷണസംഘത്തിനു ലഭിക്കുന്ന സൂചന.
നിലവില്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഏകദേശം ഒരുകോടി 10 ലക്ഷം രൂപ ബാലന്‍സ് ഉള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍. ലോണ്‍ എടുത്തതു തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് അനന്തപുരി മണികണ്ഠന്റെ വീട്ടില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ജപ്തിനോട്ടീസ് പതിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് തുക ബാങ്കില്‍ ഒടുക്കിയ മണികണ്ഠന് ജപ്തിനടപടികളില്‍ നിന്ന് ഒഴിവായി.
ബാങ്കിന്റെ നടപടിയുണ്ടായി രണ്ടുമാസത്തിനുള്ളില്‍ പുതിയൊരു വീടു പണിതു. തിരുവനന്തപുരം നഗരത്തില്‍ രണ്ടു സ്ഥലങ്ങളില്‍ വസ്തു വാങ്ങി, പുതിയ ഒരു കാര്‍ വാങ്ങി. ഇതെല്ലാം വ്യാജരേഖ ചമയ് ക്കലുമായി ബന്ധപ്പെട്ട് ഇയാള്‍ക്കു പ്രതിഫലമായി ലഭിച്ച വന്‍തുക ഉപയോഗിച്ചാണെന്നു അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. മണികണ്ഠനു പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ചും അന്വേഷണം വരും. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.