ജവഹര്‍നഗര്‍ വസ്തു തട്ടിപ്പ്; ഒരാൾക്കൂടി അറസ്റ്റിലായി
1580180
Thursday, July 31, 2025 6:37 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുവും വീടും തട്ടിയെടുത്തതുമായി ബന്ധപ്പെട്ടു അനന്തപുരി മണികണ്ഠന്റെ സുഹൃത്തും അറസ്റ്റില്‍. കല്ലയം വെട്ടിക്കുഴി ചാലില്‍ വീട്ടില്‍ സുനില്‍ ബാബു തോമസ് (42) ആണ് അറസ്റ്റിലായത്. സുനിലാണ് മണികണ്ഠനു കരകുളം സ്വദേശിനി വസന്തയെ പരിചയപ്പെടുത്തിക്കൊടുത്തത്.
വസ്തുവുടമയായ ഡോറ അസറിയ ക്രിപ്സുമായി ഏറെ രൂപസാദൃശ്യമുള്ളയാളാണ് വസന്ത. ഡോറ നിലവില്‍ അമേരിക്കയില്‍ താമസിച്ചു വരികയാണ്. വസന്തയെയാണ് ഡോറ എന്ന നിലയില്‍ വ്യാജമായി ഉണ്ടാക്കിയ തിരിച്ചറിയല്‍ രേഖകളില്‍ കാണിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടാണ് മണികണ്ഠനും സുനിലും പരിചയപ്പെടുന്നത്. വസ്തുതട്ടിയെടുപ്പുമായി ബന്ധപ്പെട്ട് ധനനിശ്ചയ പ്രമാണത്തില്‍ കള്ളസാക്ഷിയായി ഒപ്പിട്ടിരിക്കുന്നതും സുനിലാണ്.
അതേസമയം വ്യാജ പ്രമാണം ചമയ്ക്കാന്‍ എല്ലാ ഒത്താശയും തനിക്കു ചെയ്തുതന്നത് ചന്ദ്രസേനന്റെ മരുമകനായ അനില്‍ തമ്പിയാണെന്നു ചോദ്യം ചെയ്യലില്‍ അനന്തപുരി മണികണ്ഠന് പറഞ്ഞു. 2014 മുതല്‍ ഡോറയുടെ ജവഹര്‍ നഗറിലെ വസ്തുവിലും വീടിലും അനില്‍ തമ്പിക്ക് നോട്ടമുണ്ടായിരുന്നുവെന്നും എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അതു ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ വസ്തുതട്ടിയെടുക്കുന്നതിനു മണികണ്ഠനെ കരുവാക്കിയതെന്നുമാണ് പോലീസിനു ലഭിക്കുന്ന സൂചന.
ബിസിനസ് മാഗ്നറ്റായി അറിയപ്പെടുന്ന അനില്‍ തമ്പിയില്‍ നിന്നു രണ്ടുകോടിയോളം രൂപ മണികണ്ഠന്റെ അക്കൗണ്ടിലേക്കു വന്നിട്ടുള്ളതായി മ്യൂസിയം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ നിന്നു പിടിയിലായ അനന്തപുരി മണികണ്ഠന് റിമാന്‍ഡിലാണ്.
അതേസമയം അസല്‍ പ്രമാണം ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ട അനില്‍ തമ്പി ഒളിവിലാണ്. പ്രമാണം ഹാജരാക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനില്‍ തമ്പി മുങ്ങിയതായി മനസ്സിലായത്. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.