നാവായിക്കുളം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം
1579993
Wednesday, July 30, 2025 6:46 AM IST
നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേട്; യുഡിഎഫ് വാർഡ് പുനർവിഭജനാനന്തരം പുറത്തിറക്കിയിരിക്കുന്ന വോട്ടർ പട്ടികയിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് നാവായിക്കുളം പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കുടവൂർ നിസാം പറഞ്ഞു.
22 വാർഡുകൾ ഉണ്ടായിരുന്ന നാവായിക്കുളം പഞ്ചായത്തിൽ ഇപ്പോൾ24 വാർഡുകളായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. വാർഡു പുനർ വിഭജവുമായി ബന്ധപ്പെട്ടു എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടുള്ള വോട്ടേഴ്സ് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. വാർഡു വിഭജന സമയത്തു തന്നെ നിരവധി പരാതികളും ആക്ഷേപങ്ങളും യുഡിഎഫ് നേതൃത്വം സമർപ്പിച്ചിരുന്നു.
സിപിഎമ്മിലെ ചിലയാളുകൾക്കുള്ള പ്രസിഡന്റു സ്ഥാന മോഹമാണ് ഇത്തരത്തിലുള്ള അശാസ്ത്രീയ വാർഡു വിഭജനത്തിനു കാരണമെന്ന് അവർക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. ഇതിൽ സിപിഎമ്മിലെ ഒരു വിഭാഗം കടുത്ത അമർഷത്തിലുമാണ്. വാർഡുവിഭജനത്തിനെതിരെ പലതവണ കോൺഗ്രസും യുഡിഎഫും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട വാർഡുകളിലെ സ്വാഭാവിക അതിർത്തികൾ പോലും കണക്കാക്കാതെ ഓരോ വാർഡുകളിലേയും വോട്ടർമാർ സമീപമുള്ള മറ്റു വാർഡുകളിലായി മാറ്റിയും തിരിച്ചും അനധികൃതമായാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചില പ്രദേശങ്ങളിലെ വോട്ടർമാരെ കൂട്ടമായി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വാർഡുകളിലേയും വോട്ടർമാരുടെ എണ്ണം തമ്മിലുള്ള അന്തരവും ഇരട്ടിയിലധികമാണ്. വാർഡ് ഒൻപത് കരിമ്പുവിളയിൽ എണ്ണൂറ് വോട്ടർമാരാണുള്ളതെങ്കിൽ 21-ാം വാർഡായ ഇരുപത്തിഎട്ടാം മൈലിൽ രണ്ടായിരത്തിലധികം വോട്ടർമാരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ വാർഡുകളിലേയും വോട്ടർമാരുടെ എണ്ണം തമ്മിലുള്ള വ്യത്യാസം പത്തുശമതമാനത്തിൽ കൂടുവാനോ കുറയുവാനോ പാടില്ല എന്ന് പഞ്ചായത്തീ രാജ് നിയമം അട്ടിമറിച്ചാണ് ഈ നടപടി ചെയ്തിരിക്കുന്നത്. ഇതിനെതിരേ ശക്തമായ സമര പരിപാടികൾക്കു തുടക്കം കുറിക്കുമെന്നു നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.