സ്വദേശാഭിമാനി പാര്‍ക്ക് നവീകരിക്കണമെന്ന് ആവശ്യം
1580207
Thursday, July 31, 2025 6:54 AM IST
നെയ്യാറ്റിൻകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്വദേശാഭിമാനി പാര്‍ക്ക് നവീകരിക്കണമെന്ന് കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ്. ആസ്തി വികസന രേഖകളിൽ ഫോർട്ട് വാർഡിന്റേതായി പറയപ്പെടുന്ന ഈ പാർക്ക് ആലുംമൂടിന്റെയും ഫോർട്ടിന്റെയും മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. കരമന - കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തായുള്ള ഈ പാര്‍ക്കില്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമ നിലവിലുണ്ട്.
നെയ്യാറ്റിന്‍കരയുടെ ആജീവനാന്ത പത്രാധിപരായ സ്വദേശാഭിമാനിയുടെ പൂര്‍ണ വെങ്കല പ്രതിമ പാര്‍ക്കില്‍ സ്ഥാപിക്കണമെന്ന ആവശ്യവും കൗണ്‍സിലര്‍ ഉന്നയിച്ചു. സാംസ്കാരിക സമ്മേളനങ്ങൾ നടത്തുന്നതിനുള്ള വേദിയായി സ്വദേശാഭിമാനി പാര്‍ക്കിനെ മാറ്റുകയും വേണം.
നിലവിലുള്ള നഗരസഭ ഭരണസമിതി സ്വദേശാഭിമാനി പാര്‍ക്കിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. പാര്‍ക്ക് നവീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മഞ്ചത്തല സുരേഷ് അറിയിച്ചു.