മാലിന്യം വാരി വലഞ്ഞ് തൊഴിലാളികൾ; കുലുക്കമില്ലാതെ അധികൃതർ
1579682
Tuesday, July 29, 2025 5:10 AM IST
വിഴിഞ്ഞം: തീരത്ത് അടിച്ച് കയറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ദിനംപ്രതി ആയിരത്തോളം തൊഴിലാളികൾ, ശമ്പളം 900 രൂപയും ചെലവും. അവസാനമില്ലാതെ മാലിന്യ വരവ്. ഇൻഷ്വറൻസ് ഉള്ളതിനാൽ കപ്പൽ കമ്പനിക്കും മാലീന്യനീക്കത്തിനു ചുമതലയുള്ള ഏജൻസിക്കും ചാകരയെന്ന് ആക്ഷേപം.
മത്സ്യത്തൊഴിലാളികളും, പൊതുജനവും ആശങ്കയുടെ പടുകുഴിയിലായെങ്കിലും തിരിഞ്ഞു നോക്കാൻ ആരുമില്ലാതായി. അറബിക്കടലിന്റെ ആഴങ്ങളിൽ മുങ്ങിത്താണ കണ്ടെയ്നർ കപ്പൽ എംഎസ്സിയുടെ എൽസ-3 യെ പൊതുസമൂഹം മറന്നെങ്കിലും തീരദേശ വാസികൾക്ക് ഇനിയും മറക്കാനാകില്ല. കണ്ടെയ്നറുകളിൽനിന്ന് കടലിൽ കലർന്നു തീരത്തേക്ക് അടിച്ചു കയറുന്ന പ്ലാസ്റ്റിക് തരികൾ നീക്കുന്ന ജോലികൾ തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞു.
ദിനംപ്രതിനൂറു കണക്കിനു കുടുംബശ്രീ പ്രവർത്തകരും ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് പ്രവർത്തകരും നടത്തുന്ന മാലിന്യനീക്കവും എങ്ങുമെത്താതെ തുടരുകയാണ്. കണ്ടെയ്നർ ആഴങ്ങളിൽ കിടക്കുന്ന കാലമത്രയും കടൽ മലിനമാകുമെന്നാണു മത്സ്യത്തൊഴിലാളികളുടെ വാദം. വിഴിഞ്ഞം തുറമുഖത്തുനിന്ന് 643 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ലൈബീരിയൻ രജിസ്ട്രേഷനുള്ള എംഎസ്സിയുടെ എൽസാ - 3 ആലപ്പുഴ തോട്ടപ്പള്ളിക്കും പതിനഞ്ച് നോട്ടിക്കൽഉൾക്കടലിൽ അപകടത്തിൽപ്പെട്ട് താഴ്ന്നിട്ട് ഇന്ന് 67 ദിവസം പിന്നിടുകയാണ്. മേയ് 24 നു നടന്ന അപകടത്തെക്കുറിച്ചുള്ള കോലാഹലങ്ങൾ കെട്ടടങ്ങിയതോടെ അധികൃതർ എല്ലാം മറന്നു.
എന്നാൽ അപകടം നടന്നു ദിവസങ്ങൾ കഴിയുമ്പോഴും കരയിലേക്ക് ഒഴുകി വരുന്ന പ്ലാസ്റ്റിക് തരികൾക്ക് കുറവ് വന്നില്ല. തീരത്തെ മണലിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കാൻ തുടക്കത്തിൽ പോലീസും, ഫയർ ഫോഴ്സും, സന്നദ്ധ സംഘടനാ പ്രവർത്തകരും ഹരിതകർമസേനയും രംഗത്തിറങ്ങിയെങ്കിലും ഒന്നിനും അവസാനമുണ്ടായില്ല.
ഒടുവിൽ അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള കടൽക്കര ശുദ്ധമാക്കാൻ കുടുംബശ്രീ പ്രവർത്തകരെയും കളത്തിലിറക്കി. ഒരു പഞ്ചായത്തിൽനിന്ന് 30 കുടുംബശ്രീ അംഗങ്ങളെ വീതം തെരഞ്ഞെടുത്തു. ഇതിനുപരി സിവിൽ ഡിഫൻസ് പ്രവർത്തകരും ഉൾപ്പെടെ എംഎസ്സി കമ്പനി വകയായി ദിനംപ്രതി 900 ത്തോളം പേർക്കു തൊഴിൽ ലഭിക്കുന്നുണ്ടെങ്കിലും കടലിൽ വരാനിരിക്കുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല.
643 കണ്ടെയ്നറുകളിൽ പതിനഞ്ചോളം എണ്ണം വെള്ളം നിഞ്ഞാൽ രാസപ്രവർത്തനം നടക്കുന്ന രാസപദാർഥങ്ങൾ നിറച്ചവയാണെന്ന് അധികൃതർ സമ്മതിക്കുമ്പോഴും അവ എങ്ങനെ നീക്കം ചെയ്യുന്നതിനെക്കുറിച്ചും തീരുമാനമായില്ല. പൊട്ടിത്തകർന്ന കണ്ടെയ്നറുകളിൽനിന്ന് പുറത്തായ പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കുകെട്ടുകൾ ഇപ്പോഴും ഉൾക്കടലിലൂടെ ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇവ പാറക്കെട്ടുകളിൽ ഇടിച്ച് തകർന്ന് ഒഴുക്കിന്റെ ദിശയനുസരിച്ച് കേരള -തമിഴ്നാട് തീരങ്ങളിൽ അടിച്ചു കയറുകയാണ്. മണൽപ്പരപ്പിൽ അടിയുന്ന മാലിന്യങ്ങൾ നീക്കാൻ ശ്രമിക്കുന്ന ബന്ധപ്പെട്ട ഏജൻസികൾ കടലിനെ തിരിഞ്ഞു നോക്കാത്തതിലും ദുരൂഹതയുള്ളതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
നിലവിൽ അരിച്ചു വാരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിവസവും ശേഖരിക്കുന്ന സ്വകാര്യ ഏജൻസി അധികൃതർ വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖത്തിന്റെ ഗോഡൗണിൽ സൂക്ഷിക്കുകയാണ്. ഉറവിടം കണ്ടെത്തി പരിഹാരം കാണാത്ത അധികൃതരുടെ ഇപ്പോഴത്തെ നടപടി എത്ര കാലമുണ്ടാകുമെന്ന ചോദ്യത്തിനും ആർക്കും മറുപടിയില്ല.