നേരറിവിനായി ജനമൈത്രി സ്റ്റേഷൻ സന്ദർശിച്ചു കരമന സ്കൂളിലെ വിദ്യാര്‍ഥികള്‍
1579496
Monday, July 28, 2025 6:56 AM IST
പേരൂര്‍ക്കട: പോലീസുകാരുടെ റൈഫിളുകളും ലാത്തിയും കണ്ടപ്പോള്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ശ്രീഹരിയുടെയും നിളയുടെയും കണ്ണുകളില്‍ അദ്ഭുതമായിരുന്നു. ഇതെന്തിനാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നുള്ള അതിശയം. ഉപകരണങ്ങളെക്കുറിച്ച് പോലീസുകാര്‍തന്നെ വിശദീകരിച്ചുനല്കിയപ്പോള് ഇവര്‍ക്ക് കൂടുതല്‍ അറിയാന്‍ ജിജ്ഞാസയായി.
ആദ്യത്തെ ഒരു പതര്‍ച്ച നീക്കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അങ്കിളുമാരും ആന്റിമാരുമായി. പത്താംക്ലാസില്‍ പഠിക്കുന്ന അഖിലിനും ജസീനയ് ക്കും മറ്റൊരു സംശയമായിരുന്നു - പോലീസില്‍ ചേരുന്നതിന് എന്താണ് ചെയ്യേണ്ടതെന്നുള്ള സംശയം..! പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനാണു നേരറിവുമായി കരമന ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ കരമന ജനമൈത്രി സ്റ്റേഷനില്‍ എത്തിയത്.
സ്റ്റേഷന് പ്രവര്‍ത്തനത്തിനൊപ്പം ആയുധങ്ങള്‍, അന്വേഷണ രീതി, പരാതികള്‍ നല്കുന്ന വിധം എന്നിവയെല്ലാം കുട്ടികള്‍ നേരിട്ടു മനസ്സിലാക്കുകയായിരുന്നു. മധുരം നല്‍കിയാണ് കുട്ടികളെ പോലീസ് ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് വൈ. മിനി, കരമന സിഐ എസ്. അനൂപ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.