വിഗ്രഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതം
1579495
Monday, July 28, 2025 6:56 AM IST
തിരുവല്ലം: പാച്ചല്ലൂരിലെ ക്ഷേത്രമണ്ഡപത്തിനു സമീപത്തായി ദുര്‍ഗാദേവിയുടെ വിഗ്രഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തിരുവല്ലം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിനു സമീപത്തുളള തെക്കേ വലിയവിള യോഗീശ്വരാലയം തമ്പുരാന് ക്ഷേത്രത്തിനു മുന്‍പിലുളള മതിലിനോടു ചേര്‍ത്തുവച്ച നിലയിലായിരുന്നു വിഗ്രഹം കണ്ടെത്തിയത്.
സിംഹത്തിന്റെ പുറത്തിരിക്കുന്ന ദുര്‍ഗാദേവിയുടെ വിഗ്രഹമാണ് കണ്ടെത്തിയത്. പാച്ചല്ലൂര്‍ ഭദ്രകാളിദേവീ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് വിഗ്രഹം കണ്ടെത്തിയത്. തുടര്‍ന്നു സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരമറിയിച്ചു.
തുടർന്നു സ്ഥലത്തെത്തിയ പോലീസ് ഫൊറന്‍സിക് വിഭാഗത്തിലെ ഫിംഗര്‍ പ്രിന്റ് വിദഗ്ധരെ വിവരമറിയിച്ചു. ചെമ്പുചേര്ന്ന ലോഹം കൊണ്ടുനിര്‍മിച്ച വിഗ്രഹത്തിന് 10 കിലോയോളം തൂക്കം വരുമെന്നു പോലീസ് പറഞ്ഞു. പാച്ചല്ലൂര്‍ ക്ഷേത്രത്തില്‍നിന്നും 31 വര്‍ഷം മുന്‍പു മോഷണം പോയിരുന്ന സ്വര്‍ണം ദിവസങ്ങള്‍ക്കു മുമ്പ് കോടതി നടപടികള്‍ക്കു ശേഷം തിരികെ ലഭിച്ചിരുന്നു.
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിഗ്രഹത്തെ തിരുവല്ലം പോലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചു.