അന്വേഷണം തകൃതി; മണികണ്ഠന് തിരുവനന്തപുരം വിട്ടിട്ടില്ലെന്നു സൂചന
1579677
Tuesday, July 29, 2025 5:10 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതി അനന്തപുരി മണികണ്ഠനെ കണ്ടെത്തുന്നതിനായുള്ള പോലീസിന്റെ അന്വേഷണം തുടരുന്നു.
ഒരുമാസത്തിലേറെയായി മണികണ്ഠനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മ്യൂസിയം പോലീസ്. അതേസമയം ഇയാള്‍ തിരുവനന്തപുരം വിട്ടുപോയിട്ടില്ലെന്നു സൂചന നല്കി അധികൃതര്‍.
കിള്ളിപ്പാലത്തെ ആധാരമെഴുത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മണികണ്ഠന് ഇവിടെ വരാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. വീട്ടിലും ബന്ധുവീടുകളിലും മണികണ്ഠനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാള്‍ തിരുവനന്തപുരത്തുതന്നെയുണ്ടെന്നും ഒരു മുന്‍ മന്ത്രി ഇയാള്‍ക്കു സംരക്ഷണം ഒരുക്കുന്നുണ്ടെന്നുമുള്ള ആരോപണം ശക്തമായിട്ടുണ്ട്.
ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്സിന്റെ വസ്തുവും വീടുമാണ് മണികണ്ഠന്റെ സഹായത്തോടെ കൊല്ലം സ്വദേശിനിയായ മെറിന് ജേക്കബ് തന്റെ പേരിലാക്കുകയും പിന്നീട് അതു വിലയാധാരമായി ചന്ദ്രസേനനു വില്‍പ്പന നടത്തുകയും ചെയ്തത്. എന്നാല്‍ തന്നെക്കൊണ്ട് പ്രമാണത്തില്‍ ഒപ്പുവയ്ക്കുകയാണ് ചെയ്തതെന്നും തന്റെ മരുമകന് അനില്‍ തമ്പിക്കാണ് എല്ലാ വിവരങ്ങളും അറിയാവുന്നതെന്നുമായിരുന്നു ചന്ദ്രസേനന്റെ മൊഴി.
ചന്ദ്രസേനനു കോടതി ജാമ്യം അനുവദിച്ചപ്പോള്‍ മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം അനില്‍ തമ്പിയോട് അസ്സല് പ്രമാണം ഹാജരാക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം നടപടികളിലേക്കു നീങ്ങുമെന്നും മ്യൂസിയം സിഐ അറിയിച്ചു.