യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ്ചെയ്തു പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍
1580181
Thursday, July 31, 2025 6:37 AM IST
പേരൂര്‍ക്കട: യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ്ചെയ്ത് അശ്ലീല ദൃശ്യങ്ങളായി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു.
ഒന്നാംപ്രതി തൈക്കാട് ജഗതി അനന്തപുരി ഓഡിറ്റോറിയത്തിനു സമീപം കാവടിവിളാകം വീട്ടില്‍ വിഘ്നേഷ് (23), രണ്ടാംപ്രതി പള്ളിപ്പുറം തോന്നയ്ക്കല്‍ വിളയില്‍ വീട്ടില്‍ വിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. ഈവര്‍ഷം ജൂണ്‍മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം.
പ്രതികള്‍ക്കൊപ്പം പേരൂര്‍ക്കടയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വന്നിരുന്ന ആറു യുവതികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാംവഴി ഡൗണ്‍ലോഡ് ചെയ്യുകയും ശേഷം മോര്‍ഫ്ചെയ്ത് അശ്ലീലചിത്രങ്ങള്ക്കൊപ്പം ചേര്‍ത്ത് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
യുവതികളുടെ സുഹൃത്തുക്കള്‍ വഴിയാണു തങ്ങളുടെ ചിത്രങ്ങള്‍ അശ്ലീലഫോട്ടോകളായി പ്രചരിക്കുന്നതായി ഇവര്‍ അറിയുന്നത്. തുടര്‍ന്ന് പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.