കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകളില്ല; സ്നേഹം മെഡിക്കൽ സ്റ്റോർ പ്രവർത്തനം നിർത്തി
1580204
Thursday, July 31, 2025 6:54 AM IST
കാട്ടാക്കട: മരുന്നുകളില്ല. കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന സ്നേഹം മെഡിക്കൽ സ്റ്റോർ പ്രവർത്തനം നിർത്തി. ജില്ലാപ്പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ മെഡിക്കൽ സ്റ്റോർ.
മാസങ്ങളായി മരുന്നുകളുടെ ലഭ്യത ഇല്ലാത്തതിനാൽ സ്റ്റോർ പ്രതിസന്ധിയിലായിരുന്നു. സ്റ്റോക്കുണ്ടായിരുന്ന മരുന്നുകൾ തീരുന്നതു വരെ പ്രവർത്തിച്ച ശേഷമാണ് പൂട്ടിയതെന്നറിയുന്നു.മരുന്നുകളില്ലെന്ന വിവരം ജില്ലാപ്പഞ്ചായത്തിനെ നിരവധിത്തവണ അറിയിച്ചിരുന്നെങ്കിലും തുക വകയിരുത്തി കാരുണ്യ വഴി മരുന്നുകളെത്തിക്കാൻ തയ്യാറാകാത്തതാണ് സ്റ്റോർ പൂട്ടാൻ കാരണമായത്.
സ്പീക്കർ ജി.കാർത്തികേയൻ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഉദ്ഘാടനം ചെയ്ത നീതി മെഡിക്കൽ സ്റ്റോറാണ് പിന്നീട് സ്നേഹം മെഡിക്കൽസ് എന്ന പേരിൽ പ്രവർത്തിച്ചുവന്നത്. പാലിയേറ്റീവ് രോഗികൾക്കുള്ള സൗജന്യ മരുന്നും കൂടാതെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 70 ശതമാനം വരെ കുറഞ്ഞ നിരക്കിലും മരുന്ന് ലഭിച്ചിരുന്നതിനാൽ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഈ സ്റ്റോർ.
എന്നാൽ, അറ്റകുറ്റപ്പണി ചെയ്യാത്തത്തിനാൽ ഡ്രഗ് ലൈസൻസ് പുതുക്കിക്കിട്ടാത്തതാണ് സ്റ്റോർ പൂട്ടാൻ കാരണമെന്നും സൂചനയുണ്ട്. കാട്ടാക്കട സർക്കാർ ആശുപത്രിക്കു മുന്നിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കുന്നതാണ് ജില്ലാപ്പഞ്ചായത്തിന്റെ നടപടിയെന്ന് ആക്ഷേപമുണ്ട്.കാട്ടാക്കട സർക്കാർ ആശുപത്രിയോട് കാണിക്കുന്ന അവഗണയുടെ അവസാന ഉദാഹരണമാണിതെന്നും ആക്ഷേപമുയർന്നു.