ജവഹർനഗർ വസ്തുതട്ടിപ്പ് കേസ് : പ്രതികളുമായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ തെളിവെടുത്തു
1581772
Wednesday, August 6, 2025 6:52 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലും ഒരു സ്റ്റുഡിയോയിലും തെളിവെടുപ്പിനെത്തിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് അനന്തപുരി മണികണ്ഠന്, സുനില്‍ ബാബു തോമസ് എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ പോലീസ് പ്രതികള്‍ എപ്രകാരമാണ് സംഭവദിവസം ഓഫീസില്‍ എത്തിയതെന്നും ആരാഞ്ഞു.
ആധാരം രജിസ്റ്ററാക്കിയ 2025 ജനുവരി നാലിനു മരുതൂര്‍ ഭാഗത്തുനിന്ന് ഒരു ടാക്സി പിടിച്ച് കരകുളം സ്വദേശിനി വസന്ത, ഇവരുടെ ചെറുമകള്‍ എന്നിവരെ കാറില്‍ കയറ്റിവിട്ടു. വസന്തയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്തതിനാലാണ് ചെറുമകളെയും ഒപ്പം കൂട്ടിയത്.
ചികിത്സാ സഹായം വാങ്ങിനല്‍കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ചാണ് മണികണ്ഠന് വസന്തയെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്കു കൊണ്ടുവന്നത്. അതിനുശേഷം സുനില്‍ തന്റെ ബൈക്കില്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി.
അനന്തപുരി മണികണ്ഠന് തന്റെ കിള്ളിപ്പാലത്തെ ഓഫീസില്‍ നിന്നാണ് സ്കൂട്ടറിലാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്യങ്ങള്‍ക്കു വ്യക്തത വരുത്തി. വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയെടുക്കുന്നതിനായി വസന്തയുടെ ഫോട്ടോ മണികണ്ഠന് തന്റെ മൊബൈല്‍ ഫോണില്‍ എടുക്കുകയായിരുന്നു.
പിന്നീട് ഇതു ശാസ്തമംഗലത്തെ ഒരു സ്റ്റുഡിയോയിലെത്തിയാണ് പ്രിന്റ് എടുത്തത്. അതേസമയം സ്റ്റുഡിയോ ജീവനക്കാര്‍ വസന്തയെ തിരിച്ചറിഞ്ഞിട്ടില്ല. ആധാരം രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം വന്ന കാറില്‍ തന്നെയാണ് വസന്തയും ചെറുമകളും തിരികെപ്പോയത്.