പ്രണയമഞ്ഞ് പെയ്ത ഓഗസ്റ്റ് സന്ധ്യ..!
1582048
Thursday, August 7, 2025 6:42 AM IST
തിരുവനന്തപുരം: പുതിയ കാലത്തെ ഉന്മാദം തുടിക്കുന്ന പ്രണയവും ഒരു ചെന്പനീർപ്പൂവിന്റെ മണമുള്ള ഓമൽ പ്രണയവും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ സന്ധ്യയിൽ ഇന്നലെ മഞ്ഞിൽ കണങ്ങളായി പൊഴിഞ്ഞു വീണു... പാടി പെയ്ത പ്രണയ വർഷങ്ങളെ ഉണർത്തുവാൻ വൈലോപ്പിള്ളി സംസ് കൃതി ഭവൻ ഒരുക്കിയ അനുരാഗത്തിന്റെ ഓഗസ്റ്റിന്റെ സമാപന സന്ധ്യയിൽ എസ്.പി. ദേവാനന്ദും ദേവിക വി. നായരും നവതരംഗമായി.
അഴലിന്റെ ആഴങ്ങളിൽ എന്നു പേരിട്ട പ്രണയസംഗീതത്തിൽ 2000 മുതൽ 2025 വരെയുള്ള മലയാളം, തമിഴ്, ഹിന്ദി പ്രണയഗാനങ്ങൾ നിറഞ്ഞു. 2019-ൽ പുറത്തിറങ്ങിയ അന്പിളി എന്ന ചിത്രത്തിലെ ആരാധികെ... എന്ന ഗാനത്തിലെ എന്റെ നെഞ്ചാകെ നീയല്ലെ... എന്ന വരികൾ യുവത്വത്തിന്റെ ഹൃദയമിടിപ്പായി... കഭി അൽവിദാ നകഹന എന്ന സിനിമയിലെ മിതുവാ... ദേവാനന്ദ് പാടിയതും വേറിട്ട പ്രണയത്തിന്റെ മാറ്റൊലിയായി മുഴങ്ങി.... ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ഒരു കാലം കൊണ്ടാടിയ വസീഗര... എന്ന ഗാനം ദേവിക പാടിയത് ബോംബെ ജയശ്രീയുടെ സംഗീതഭാവം ആവാഹിച്ചാണ്.
ഇതോടൊപ്പം സ്വം എന്ന ചിത്രത്തിലെ ഒരു ചെന്പനീർ പൂവിറുത്തു ഞാനോമലേ... എന്ന ഗാനവും അലിഞ്ഞുചേർന്നു. അനുരാഗത്തിന്റെ ഓഗസ്റ്റിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിച്ച പ്രണയ ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാനം വിജോയ് അലക്സാണ്ടറും ലേഖ കെ. നായരും ചേർന്നു സമ്മാനിച്ചു. സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ്, മെന്പർ സെക്രട്ടറി പി. എസ്. മനേഷ് എന്നിവർ പ്രസംഗിച്ചു.