പപ്പ നാടകം കാണാൻ വന്ന കഥ പങ്കുവച്ച് ഹാരിസ് ഡാനിയൽ
1581459
Tuesday, August 5, 2025 7:03 AM IST
തിരുവനന്തപുരം: യൂണിവേഴ് സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് താൻ അഭിനയിച്ച തമിഴ്നാടകം കാണാൻ പപ്പ യൂണിവേഴ്സിറ്റി കോളജിന്റെ മതിൽ ചാടി വന്നിരുന്നുവെന്ന് ഹാരിസ് ഡാനിയൽ.
മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയൽ തന്റെ നാടകം കാണാൻ മതിൽ ചാടി കടന്നുവന്ന കാര്യം ഹാരിസ് ഡാനിയൽ ഇന്നലെ ഓർമിച്ചത് പൊട്ടിച്ചിരിയോടെയാണ്. ഹോട്ടൽ റീജൻസി ഗ്രാൻഡിൽ ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഹാരിസ് ഡാനിയലിന്റെ നവതി ആഘോഷ ചടങ്ങിൽ വച്ചാണ് ഏഴുപതിറ്റാണ്ടിനു പിന്നിലെ നാടകാഭിനയ നിമിഷങ്ങളിലേക്കു അദ്ദേഹം നടന്നു പോയത്.
കോളജിൽ ഒരു തമിഴ് ഹാസ്യ നാടകമാണ് ഞാനും കൂട്ടുകാരും ചേർന്ന് അവതരിപ്പിച്ചത്. അതിൽ സ്ത്രീ വേഷമായിരുന്നു എനിക്ക്. ഹാരിസ് ഡാനിയൽ പറഞ്ഞു. എന്റെ അഭിനയം കാണാൻ പപ്പയ്ക്കു വലിയ ആഗ്രഹമുണ്ടെന്നറിഞ്ഞപ്പോൾ എനിക്കാകെ അങ്കലാപ്പായി. പപ്പ മുന്നിൽ വന്നിരുന്നാൽ അഭിനയിക്കാൻ പ്രയാസം വരുമെന്നതിനാൽ നാടകം കാണാനുള്ള പാസ് ഞാൻ പപ്പയ്ക്ക് നല്കിയില്ല. യൂണിവേഴ്സിറ്റി കോളജിന്റെ മുക്കുംമൂലയും നല്ല പരിചയമുണ്ടായിരുന്നു പപ്പയ്ക്ക്. അതിനാൽ യൂണിവേഴ്സിറ്റി ഓഫീസിന്റെ മുൻ വശത്തുള്ള റോഡുവഴി വന്ന് കോളജിന്റെ മതിൽ ചാടിക്കടന്നു നാടകവേദിയിൽ എത്തി. സദസിൽ നിന്നുമുയർന്ന വൻ കരഘോഷത്തിനിടയിൽ ഹാരിസ് ഡാനിയൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരുന്ന കാലത്ത് തനിക്കു മലയാളം നല്ല വശമുണ്ടായിരുന്നില്ല എന്നും ഹാരിസ് ഡാനിയൽ കൂട്ടിച്ചേർത്തു.
മലയാളം പാട്ടുകൾ എനിക്കു വലിയ ഇഷ്ടമായിരുന്നു. കൂട്ടുകാർ പാടാൻ പറയുന്പോൾ തമിഴിൽ പാട്ടെഴുതി എടുത്താണ് പാടിയിരുന്നത്. ജെ. സി. ഡാനിയൽ ഫൗണ്ടേഷൻ ചെയർപേഴ്സണ് സോന എസ്. നായരുടെ സ്നേഹനിർബന്ധത്തിനു വഴങ്ങി കളിയ്ക്കല്ലെ എന്ന് ചൊല്ലും പെണ്ണല്ലെ നീ... എന്ന ഗാനവും ഹാരിസ് ഡാനിയൽ പാടി. ഹാരിസ് ഡാനിയലിന്റെ സഹധർമിണി സുശീലാറാണി ഡാനിയൽ, മകൾ അഡലിൻ ഡാനിയൽ, മരുമകൻ ഡോ. രാജ്കുമാർ ഡാനിയൽ എന്നിവർ വേദിയിൽ ഹാരിസ് ഡാനിയലിനൊപ്പം ഉണ്ടായിരുന്നു.
നവതി ആഘോഷച്ചടങ്ങിന്റെ ഭാഗമായി പിറന്നാൾ കേക്ക് ഹാരിസ് ഡാനിയലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സോന എസ്. നായരും ചേർന്നു മുറിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർമാൻ പി. കെ. രാജ്മോഹനൻ, ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര സംവിധായകൻ ജോയ് കെ. മാത്യു, ഡോ. പ്രകാശൻ ഗുരുക്കൾ, ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ സെക്രട്ടറി സാബു കൃഷ്ണ, ആറ്റുകാൽ തന്പി തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.
എം. വിൻസന്റ് എംഎൽഎ, ചലച്ചിത്ര നിർമാതാവ് ദിനേശ് പണിക്കർ, സൂര്യ കൃഷ്ണമൂർത്തി, ഹാരിസ് ഡാനിയലിന്റെ കുടുംബാംഗങ്ങൾ, എൽഐസി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ഹാരിസ് ഡാനിയലിനെ പൊന്നാട ചാർത്തി ആദരിച്ചു.
അഗസ്തീശ്വരം കെഎൻഇ ഐഎൽ മെമ്മോറിയൽ പാസ്റ്ററേറ്റ് പള്ളി പാസ്റ്റർ റവ. എം. കിത്തിയൻ, പള്ളി കമ്മിറ്റി അംഗം തമിലൻ ഡി. ജാനി എന്നിവർ ജന്മദിന പ്രാർഥനയും ആശംസാ പ്രസംഗവും നടത്തി. രഞ്ജു പിറവത്തിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു.
സ്വന്തം ലേഖിക