കുത്തുകല്ലിന്മൂട്ടില് കത്തിക്കുത്ത്; മൂന്നുപേര്‍ ചികിത്സയില്‍
1581258
Monday, August 4, 2025 6:51 AM IST
കടം തിരികെ ചോദിച്ച് സംഘര്‍ഷം
മെഡിക്കല്‍കോളജ്: കടംവാങ്ങിയ തുക തിരികെ ചോദിച്ചതു സംബന്ധിച്ചു വാക്കുതര്‍ക്കവും സംഘര്‍ഷവും. കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാളും ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍.
ശംഖുംമുഖം സ്വദേശി മൊട്ട ഷാജി എന്ന ഷാജി (40), ആറ്റുകാല്‍ കൊഞ്ചിറവിള കല്ലടിമുഖം ഫ്ളാറ്റില്‍ താമസിച്ചു വരുന്ന അനൂപ് (18), ഇയാളുടെ സുഹൃത്തും കൊഞ്ചിറവിള സ്വദേശിയുമായ വിഷ്ണു (28) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30നായിരുന്നു കേസിന്നാസ്പദമായ സംഭവം. മൊട്ട ഷാജി 8,000 രൂപ കടമായി വിഷ്ണുവിന്റെ അമ്മയ്ക്ക് നല്‍കിയിരുന്നു.
ഈ പണം ഏഴു മാസമായിട്ടും തിരികെ കൊടുക്കാത്തതിനെച്ചൊല്ലി വാക്കുതര്‍ക്കം നിലനിന്നിരുന്നു. സംഭവദിവസം കുത്തുകല്ലിന്‍മൂട് ജംഗ്ഷനില്‍ ഷാജിയും സുഹൃത്ത് ആനന്ദും നില്ക്കുന്ന സമയത്ത് അനൂപും വിഷ്ണുവും ബൈക്കില്‍ അതുവഴിവന്നു. പണത്തെച്ചൊല്ലി ഷാജിയും വിഷ്ണുവും തമ്മില്‍ തര്‍ക്കമായി.
വാക്കേറ്റം രൂക്ഷമായതോടെ തന്റെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷാജി വിഷ്ണുവിനെ കുത്താന്‍ ശ്രമിച്ചു. എന്നാല്‍ ദിശമാറി വയറ്റില്‍ കുത്തേറ്റത് അനൂപിനായിരുന്നു. സുഹൃത്തിന് കുത്തേറ്റതോടെ വിഷ്ണു തന്റെ കൈയില്‍ കരുതിയിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഷാജിയെയും ആനന്ദിനെയും ആക്രമിച്ചു.
ആനന്ദിനു നിസാര പരിക്കേറ്റു. ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍ ഷാജിയുടെ ഇടതുകൈയ് ക്ക് പൊട്ടലേറ്റു. ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും തുടര്‍ന്ന് ഫോര്‍ട്ട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
കുത്തേറ്റ അനൂപിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവും മെഡിക്കല്‍കോളജില്‍ ചികിത്സയിലുണ്ട്. അനൂപിന്റെ മൊഴിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.