സഞ്ചാരികളെ ചിറ്റിപ്പാറ വിളിക്കുന്നു
1581254
Monday, August 4, 2025 6:44 AM IST
ആർ.സി. ദീപു
നെടുമങ്ങാട്: പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ ചിറ്റിപ്പാറയിലേക്ക് എത്തുന്നത് നിരവധി പേർ. ചെങ്കുത്തായി കിടക്കുന്ന കയറ്റം കയറി സാഹസികമായി പാറകൾ താണ്ടി വേണം ചിറ്റിപ്പാറയുടെ മുകളിൽ എത്താൻ. ഇവിടെ എത്തിയാൽ കാണുന്നതാകട്ടെ അവർണനീയമായ കാഴ്ചകളും.
തിരുവനന്തപുരം ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങളുടെ വിദുര ദൃശ്യങ്ങൾ ചിറ്റിപ്പാറയുടെ മുകളിൽനിന്നും കാണാം. അതി രാവിലെ എത്തിയാൽ സൂര്യോദയവും കാണാം. പൊൻപാറ സെറ്റിൽമെന്റ് പ്രദേശത്താണ് ഈ പാറക്കൂട്ടം സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരത്തു നിന്നും വിതുരയ്ക്കു പോകുന്ന വഴിയിൽ ഇരുത്തലമൂല ജംഗ്ഷനിൽനിന്നും വലത്തോട്ടു തിരിഞ്ഞ് 2,350 അടി ഉയരത്തിൽ സഞ്ചരിച്ചാൽ ചിറ്റിപ്പാറയുടെ മുകളിൽ എത്താം. വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുട്ടി റൂട്ടിൽ ആണ് ഈ സ്ഥലമെന്നതു കൊണ്ട് നിരവധി ടൂറിസ്റ്റുകളാണ് പാറയുടെ മുകളിൽ എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സന്ദർശകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഇവിടെ ടൂറിസ്റ്റുകൾ വന്നു പോകുന്നതിനു യാതൊരു നിയന്ത്രണവുമില്ല. ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇവിടം ടൂറിസ്റ്റ് മേഖലയായി പ്രഖ്യാപിക്കണമെന്നു നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നത്. ഇതിലൂടെ സർക്കാരിന്റെ മേൽനോട്ടവുമുണ്ടാകും.
കൂടാതെ ആദിവാസി ഊരുകളിലെ യുവതി യുവാക്കൾക്കു ജോലി സാധ്യതകൾ എറെയാണ്. ആവശ്യമുന്നയിച്ചു നാട്ടുകാർ എംപിക്കും എംഎൽഎക്കും നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. യു ട്യൂബ് ബ്ലോഗാർമാരുടേയും സാഹസിക യാത്രക്കാരുടേയും ഇഷ്ടകേന്ദ്രം കൂടിയാണ് ചിറ്റിപ്പാറ.