ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റിനെ വടംകെട്ടി നിര്‍ത്തി "മാതൃക'യായി കെഎസ്ഇബി
1581257
Monday, August 4, 2025 6:51 AM IST
വെള്ളറട: അപകടാവസ്ഥയില്‍ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റിനെ മാറ്റി സ്ഥാപിക്കുന്നതിനു പകരം വടംകെട്ടി നിര്‍ത്തി കെഎസ്ഇബി. കള്ളിമൂട് വാര്‍ഡില്‍ മുണ്ടറപ്പന് കുഴിയിലാണ് കെഎസ്ഇബിയുടെ അസാധാരണമായ വടംകെട്ട് പരിപാടി. കീഴ്ക്കാംതൂക്കായ റോഡില്‍ ഇലക്ട്രിക് പോസ്റ്റ് പൊട്ടിയിട്ട് മൂന്നുമാസത്തോളമായി.
സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു കെഎസ്ഇബി ജീവനക്കാരെത്തി വടംകെട്ടി നിര്‍ത്തി സ്ഥലം വിടുകയായിരുന്നു. ഓഫീസില്‍ പ്രദേശവാസികള്‍ എ. ഇ. അടക്കമുള്ളവരെ നേരില്‍ കണ്ടു വിഷയം പറഞ്ഞുവെങ്കിലും പോസ്റ്റ് മാറ്റുവാനുള്ള ഏതൊരു നടപടിയും സ്വീകരിച്ചില്ലെന്നുള്ളതാണ് പരാതി. കീഴ്ക്കാംതൂക്കായ പ്രദേശമായതുകൊണ്ട് ഇലക്ട്രിക് കമ്പികള്‍ വളരെയേറെ താഴ്ന്നാണ് കിടക്കുന്നത്.
പലയിടങ്ങളിലും കൈയെത്തും ദൂരത്താണ് ഇലക്ട്രിക് കമ്പി കടന്നുപോകുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര് സഞ്ചരിക്കുന്ന സഞ്ചാര പാതയിലാണ് കെഎസ്ഇബിയുടെ വടംകെട്ട് പ്രയോഗം.
കാറ്റൊന്നു ശക്തമായി വീശിയടിച്ചാല്‍ ഇലക്ട്രിക് പോസ്റ്റ് പൊട്ടിയ ഭാഗത്തു നിന്നും ഏതു ദിശയിലേക്കു പോകുമെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. പൊട്ടിയ ഇലക്ട്രിക് പോസ്റ്റ് മാറ്റി വടംകെട്ട് ചികിത്സ അവസാനിപ്പിച്ചു പുതിയ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കണമെന്നുള്ളതാണ് പ്രദേശവാസികളുടെ ആവശ്യപ്പെടുന്നത്.