കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ഇടനിലക്കാരി പിടിയില്‍
1581452
Tuesday, August 5, 2025 7:03 AM IST
പേരൂര്‍ക്കട: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ഇടനിലക്കാരിയെ ഫോര്‍ട്ട് പോലീസ് പിടികൂടി. കര്‍ണ്ണാടക ഡാക്ഷിന ബല്ത്താങ്കടി സ്വദേശിനി അനുഷ (22) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പോലിസ് 32 ഗ്രാം എംഡിഎംഎയുമായി മുട്ടത്തറ സ്വദേശി ഗോപകുമാറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതിന്റെ ഉറവിടം ബംഗളൂരുവാണെന്നു മനസിലായത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തുകയും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവന്ന അനുഷയെ പിടികൂടുകയുമായിരുന്നു.
പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇടനിലക്കാരിയെ പിടികൂടാന്‍ പോലീസിനു സഹായകമായി. കേരളത്തിലെ മറ്റു ജില്ലകളിലേക്ക് എംഡിഎംഎ എത്തുന്നതിലും ഇവര്‍ക്കു പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ലഹരിമരുന്നിന്റെ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപയുടെ മയക്കു മരുന്ന്, സിന്തറ്റിക് ഡ്രഗ്സ് എന്നിവ കേരളത്തിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ഇപ്രകാരം യുവതി ചതിക്കുഴിയില്പ്പെടുത്തുന്നത്. ആദ്യം ചെറിയ രീതിയില്‍ ഉപയോഗത്തിനായി ഇവരെ സമീപിക്കുന്ന യുവതിയുവാക്കളെ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.