സിപിഐ ജില്ലാ സമ്മേളനത്തിനു നാളെ തുടക്കമാകും
1581443
Tuesday, August 5, 2025 7:03 AM IST
തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനു നാളെ തുടങ്ങും. എട്ട്, ഒൻപതു തീയതികളിൽ വഴുതക്കാട് ടാഗോർ തീയേറ്ററിലാണു പ്രതിനിധി സമ്മേളനം. എട്ടിനു രാവിലെ 10ന് സിപിഐ ദേശീയ എക് സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, കെ.ആർ. ചന്ദ്രമോഹൻ, സി.പി. മുരളി എന്നിവർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഒന്പതിനു വൈകുന്നേരം പുതിയ ജില്ലാ കൗണ്സിലിന്റെ രൂപീകരണ ശേഷം സമ്മേളനം സമാപിക്കും.
സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക- ബാനർ-കൊടിമര ജാഥകളുടെ സംഗമവും സാംസ്കാരിക സമ്മേളനവും നാളെ നടക്കും. നെടുമങ്ങാട് പി.എം. സുൽത്താൻ സ്മൃതി മണ്ഡപത്തിൽനിന്നും ആരംഭിക്കുന്ന പതാക ജാഥ വി. ശശി എംഎൽഎ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകരയിൽ കെ.കെ. ശ്രീധറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ബാനർ ജാഥ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്യും.
ചാക്കയിലെ എൻ. അരവിന്ദൻ സ്മൃതി മണ്ഡപത്തിൽനിന്നും കൊടിമര ജാഥ ആരംഭിക്കും. പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ജാഥകളും വൈകുന്നേരം നാലിനു പാളയം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രീകരിച്ച ശേഷം പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിൽ എത്തിച്ചേരും. പതാക മന്ത്രി ജി.ആർ. അനിലും ബാനർ പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും കൊടിമരം എൻ. രാജനും ഏറ്റുവാങ്ങിയശേഷം പൊതുസമ്മേളന നഗരിയിൽ പതാക ഉയരും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ് ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാർ, സംവിധായകൻ വി.സി. അഭിലാഷ്, വി.പി. ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി യുവകലാസാഹിതി ഗായക സംഘം അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും നടക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഏഴിനു വൈകുന്നേരം മൂന്നിന് പാളയം ആശാൻ സ്ക്വയറിൽ നിന്നും റെഡ് വോളണ്ടിയർ മാർച്ച് ആരംഭിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റാലി നടക്കും. പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 410 പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.