തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തു
1581439
Tuesday, August 5, 2025 7:03 AM IST
പേരൂര്‍ക്കട: തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരം നഗരസഭ ഇടപെട്ടു നീക്കം ചെയ്തു. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ ക്ഷീരസംഘം കെട്ടിടത്തിന്റെ ഭാഗങ്ങളാണു നീക്കിയത്. രണ്ടുദിവസം മുമ്പാണു ദ്രവിച്ചിരുന്ന കെട്ടിടത്തിന്റ മേല്‍ക്കൂര ഉള്‍പ്പെടെ പൂര്‍ണമായും നിലംപൊത്തിയത്.
കൂറ്റന്‍ തടികളും മണ്‍കട്ടകളും മറ്റും റോഡിലേക്കുവീണു ഗതാഗത തടസമുണ്ടായിരുന്നു. ഇതാണ് പൂര്‍ണമായും നീക്കം ചെയ്തത്. ഇതു രണ്ടാംതവണയാണു കെട്ടിട ഭാഗങ്ങള്‍ നിലംപൊത്തുന്നത്. കുറച്ചുനാള്‍ മുമ്പ് കനത്ത മഴയില്‍ ചുമര് ഇടിഞ്ഞുവീണു ചില വാഹനങ്ങള്‍ക്കു കേടുപാടുണ്ടായിരുന്നു. അന്നുതന്നെ നഗരസഭ കെട്ടിടം ഇടിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണു പ്രദേശവാസികള്‍ പറയുന്നത്.