നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ കള്ളിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ ധർണ
1581451
Tuesday, August 5, 2025 7:03 AM IST
നെയ്യാർഡാം: നെയ്യാർഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ കള്ളിക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, എംഎൽഎയുമായി ചേർന്ന് ആരോഗ്യ സംവിധാനത്തെ തകർക്കുന്നു എന്നാരോപിച്ചായിരുന്നു ധർണ നടത്തിയത്. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ധർണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് നിരന്തരമായി ഡോക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും, അതു ചെയ്യാത്തത് രാഷ്ട്രീയത്തിന്റെ പേരിലെന്നും പന്ത ശ്രീകുമാർ ആരോപിച്ചു. ആശുപത്രിയിൽ മരുന്നുകൾ വാങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി ആറു ലക്ഷം രൂപയോളം വകയിരുത്തിയിട്ടും സമയബന്ധിതമായി മരുന്നടുക്കുവാൻ ഡോക്ടർ തയാറാകുന്നില്ല. അതെപ്പറ്റി അന്വേഷിച്ചാൽ ഡിഎംഒ മെഡിസിൻ തരുന്നില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
ജനങ്ങളുടെ ആരോഗ്യത്തെ താറുമാറാക്കി പഞ്ചായത്തു ഭരണത്തെ ഇകഴ്ത്തി കാണിക്കാനുള്ള രാഷ്ട്രീയം കളിക്കുകയാണ് ഡോക്ടറെന്നും പന്ത ശ്രീകുമാർ പറഞ്ഞു. പഞ്ചായത്ത് ഭരിക്കുന്ന ബിജെപിയിലെ അംഗങ്ങളും ധർണയിൽ പങ്കെടുത്തു.