ഐഎസ്ആർഒ തൊഴിൽ തട്ടിപ്പ് കേസ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
1580909
Sunday, August 3, 2025 6:39 AM IST
തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഐഎസ്ആർഒ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഎസ്എസ്സി മുന്നറിയിപ്പു നൽകി. തൊഴിൽ തട്ടിപ്പു കേസിൽ സംസ്ഥാനത്ത് അഞ്ചു പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
വിഎസ്എസ്സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജന്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ്എസ് സിയുടെയോ ഐഎസ്ആർഒയുടെയോ ഒൗദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്കു നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് തയാറാക്കിയ മാനദണ്ഡങ്ങൾക്കു അനുസൃതമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രമാണ്.
ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും /സാമൂഹിക മാധ്യമങ്ങളിലും വ്യാജനിയമന വാർത്തകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ നിയമന വാർത്തകൾക്കെതിരെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം.
വിഎസ്എസ്സി പരസ്യപ്പെടുത്തുന്ന തൊഴിൽ അവസരങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ വിഎസ്എസ്്സിയുടെയും ഐഎസ്ആർഒയുടെയും ഒൗദ്യോഗിക വെബ്സൈറ്റുകൾ (www.vssc.gov.in) / (www.siro.gov.in) പതിവായി സന്ദർശിക്കുക.