അദാനി റോയൽസ് കപ്പ് ക്രിക്കറ്റ്: വിഴിഞ്ഞം ബാച്ച്മേറ്റ്സിന് കിരീടം
1581457
Tuesday, August 5, 2025 7:03 AM IST
കോവളം: പ്രഥമ അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിഴിഞ്ഞം ബാച്ച്മേറ്റ്സിനു കിരീടം. അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തിൽ ഹിറ്റേഴ്സ് എയർപോർട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഹിറ്റേഴ്സ് എയർപോർട്ട്, നിശ്ചിത അഞ്ച് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ വിഴിഞ്ഞം ബാച്ച്മേറ്റ്സ് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. വിഴിഞ്ഞത്തിനു വേണ്ടി ഓപ്പണർ ഇമ്മാനുവേൽ തകർപ്പൻ പ്രകടനം കാഴ്ച്ചവച്ചപ്പോൾ അവസാന ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ബാച്ച്മേറ്റ്സ് ലക്ഷ്യം മറികടന്നു (64/1).22 പന്തിൽനിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ ഇമ്മാനുവേലിന്റെ ഒറ്റയാൾ പോരാട്ടമാണ് ടീമിന് വിജയമൊരുക്കിയത്.
ടൂർണമെന്റിൽ 207 റണ്‍സ് നേടിയ ഇമ്മാനുവേൽ തന്നെയാണ് കളിയിലെ താരവും ടൂർണമെന്റിലെ താരവും. മികച്ച ബൗളറായി മച്ചന്പീസ് വിഴിഞ്ഞത്തിന്റെ താരം വിജയിയെയും തിരഞ്ഞെടുത്തു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ സെമിയിൽ അരോമ എയർപോർട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം ബാച്ച്മേറ്റ്സ് ഫൈനലിൽ ഇടംപിടിച്ചത്. രണ്ടാം സെമിയിൽ ക്രേസി 11 വിഴിഞ്ഞത്തെ തകർത്ത് ഹിറ്റേഴ്സ് എയർപോർട്ടും കലാശക്കളിക്ക് യോഗ്യത നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ കോവളം എംഎൽഎ എം. വിൻസെന്റ്, വിഴിഞ്ഞം വോയേജ് ചർച്ച് വികാരി ഫാ.ഡോ. നിക്കോളാസ് എന്നിവർ വിതരണം ചെയ്തു. കൗണ്‍സിലർ പനത്തുറ ബൈജു, സർക്കിൾ ഇൻസ്പെക്ടർ പ്രകാശ്, അദാനി പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ,അദാനി ട്രിവാൻഡ്രം എയർപോർട്ട് ചീഫ് ഓഫീസർ രാഹുൽ ഭട്കോട്ടി, കേരള റീജിയണൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് മഹേഷ് ഗുപ്തൻ, ട്രിവാൻഡ്രം റോയൽസ് മാനേജ്മെന്റ് പ്രതിനിധി മനോജ് മത്തായി, ടീം പി.ആർ മേധാവി ഡോ. മൈതിലി, ട്രിവാൻഡ്രം റോയൽസ് ഫീൽഡിംഗ കോച്ച് മഥൻ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.