ഉദ്ഘാടനത്തിന് ഒരുങ്ങി ഇ.കെ. നായനാർ പാർക്ക്
1581438
Tuesday, August 5, 2025 7:03 AM IST
പേരൂർക്കട: കിണവൂർ വാർഡിൽ പുതുതായി നിർമാണം പൂർത്തീകരിച്ചുവരുന്ന ഇ.കെ. നായനാർ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാലാഞ്ചിറ വലിയ കുളത്തിനു സമീപമാണ് പാർക്ക് ഒരുങ്ങുന്നത്. അങ്കണവാടിയോടു ചേർന്നാണ് പാർക്കിന്റെ നിർമാണം തുടങ്ങിയത്.
പാർക്കിനു നാലു ഭാഗത്തും സംരക്ഷണവേലി കെട്ടുകയും ഇന്റർലോക്ക് ചെയ്ത് നടപ്പാത നിർമിക്കുകയും ചെയ്തിട്ടുണ്ട്. മനോഹരമായ പുൽത്തടിയും പാർക്കിനുള്ളിലുണ്ട്. കുട്ടികൾക്കും വയോധികർക്കും ഉൾപ്പെടെ രാവിലെയും വൈകുന്നേരങ്ങളിലും വിശ്രമ അവസരം ഒരുക്കുക എന്നതാണ് പാർക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന ഉദ്ദേശ്യം. കുട്ടികൾക്ക് ആവശ്യമായ കളിക്കോപ്പുകളും വയോധികർക്കുള്ള ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. പാർക്കിന്റെ ഉദ്ഘാടനം ഈ മാസം തന്നെ മേയർ ആര്യ രാജേന്ദ്രൻ നിർവഹിക്കുമെന്ന് വാർഡ് കൗൺസിലർ ആർ. സുരകുമാരി അറിയിച്ചു.