തുറന്ന ജയിൽ വളപ്പിലെ തീറ്റപ്പുല്ലുകൾ കോട്ടൂർ ആനപരിപാലനകേന്ദ്രത്തിലേക്ക്
1580916
Sunday, August 3, 2025 6:41 AM IST
നെയ്യാർഡാം: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തീറ്റപ്പുല്ലുകൾ ഇനി കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ ആനകൾക്ക് ഭക്ഷണമാകും. ഇതിന്റെ വിതരണ ഉദ്ഘാടനം പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡിജിപി ബൽറാം കുമാർ ഉപാധ്യായ നിർവഹിച്ചു. തുടർന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയുടെ വിളവെടുപ്പും, ജയിൽ വളപ്പിലെ ചെറിയ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ തുറന്ന വിട്ടു മത്സ്യ കൃഷിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
തുറന്ന ജയിൽ ആൻഡ് കുറക്്ഷണൽ ഹോം നെട്ടുകാൽത്തേരി സൂപ്രണ്ട് എസ്. സജീവ്, ജയിൽ ആസ്ഥാന കാര്യാലയം ഡിഐജി എംകെ വിനോദ് കുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, സാക്ഷരത കോ- ഓർഡിനേറ്റർ മുരുകദാസ്, രാജീവ്, പ്രിയ തുടങ്ങിയവർ വിവിധ പരിപാടികളിൽ സന്നിഹിതരായി.
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തീറ്റപ്പുൽ കൃഷി, സമീപപ്രദേശങ്ങളിലെ ഫാമുകൾക്കും, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം ലഭ്യമാക്കാൻ കഴിയുന്ന തരത്തിലാണ് ജയിൽ വകുപ്പ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലവിൽ കോട്ടൂർ ആനപരിപാലനകേന്ദ്രത്തിൽ 16 ആനകൾക്കായി, ദിനംപ്രതി ഏകദേശം 2,500 കിലോഗ്രാം തീറ്റപ്പുൽ ആവശ്യമായി വരുന്നുണ്ട്. ഇതിനായി ദൂരസ്ഥലങ്ങളിൽ നിന്നാണ് തീറ്റപ്പൽ എത്തിക്കുന്നത്.
എന്നാൽ കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ നിന്നും അഞ്ചുകിലോമീറ്റർ മാത്രം ദൂരമുള്ള ജയിലിൽ നിന്നുള്ള പുതിയ പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന് നിലവിലെ ചെലവിൽ നിന്നും ആശ്വാസമാകും. ലാഭകരമായ രീതിയിൽ ഇരു വകുപ്പുകളിലും പദ്ധതി നിർവഹണം കാര്യക്ഷമമായി നടത്തുവാൻ കഴിയുമെന്നതാണ് പ്രതീക്ഷയിലാണ് അധികൃതർ.