അമ്പൂരി കുമ്പിച്ചൽകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ
1581252
Monday, August 4, 2025 6:44 AM IST
അമ്പൂരി: അമ്പൂരി എന്ന പിന്നോക്ക മലയോര കുടിയേറ്റ ഗ്രാമത്തിന്റെ നെടുനാളത്തെ സ്വപ്നം ഒടുവിൽ യാഥാർഥ്യത്തിലേയ്ക്ക്. കാടു കടന്നു നെയ്യാർഡാം താണ്ടിയെത്തുന്ന മലയോര മക്കൾക്ക് ഇനി വാഹനങ്ങളിൽ അപ്പുറം ഇപ്പുറം എത്താം. കരിപ്പയാറാണ് ഇപ്പോൾ നെയ്യാർഡാമിന്റെ ഭാഗമായി മാറിയത്.
അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിലായിരിക്കു ന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ 24 കോടിരൂപ അടങ്കലിലാണ് പദ്ധതിയുടെ നിർവഹണം. കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള,
തൊടുമല, തെന്മല, കുന്നത്തുമല തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചൽ കടവ് പാലത്തിന്റെ നിർമാണം. അതാണ് ഇപ്പോൾ യാഥാർഥ്യമായി രിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴു സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഈ പാലം അമ്പൂരിയുടെ ടൂറിസം സാധ്യതകളെ വർധിപ്പിക്കാനും ഉതകും.
അതിനിടെ കുമ്പിച്ചൽക്കടവു പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ ആദ്യഘട്ടത്തിന്റെ ടാറിംഗും പൂർത്തിയായി. പാലത്തിന്റെ ഒരുവശത്തു പൂച്ചുമുക്കുവരെയും മറുവശത്ത് നെയ്യാർ സംഭരണിക്ക് അപ്പുറത്ത് കാരക്കുഴിയിലെ റേഷൻകട വരെയുമുള്ള 1.25 കിലോമീറ്റർ ദൂരത്തിലെ റോഡാണ് ടാറിംഗ് നടത്തിയത്. ബിഎംആൻഡ് ബിസി നിലവാരത്തിലാണ് റോഡ് ടാറിടുന്നത്. പാലത്തിലും സമീപത്തും 7.5 മീററ്ററിലും മറ്റു ഭാഗങ്ങളിൽ അഞ്ചുമീറ്റർ വീതിയിലുമാണ് ടാറിങ് ചെയ്യുന്നത്.
ഇതിൽ ഒന്നാംഘട്ട ബിഎം ടാറിംഗാണ് പൂർത്തിയായത്. ആവശ്യമായിടങ്ങളിൽ ഓടയും സരുക്ഷാവേലിയും നിർമിച്ചുകഴിഞ്ഞു. ടാറിട്ട ഭാഗങ്ങളോടുചേർന്ന് ഇരുവശത്തും കോൺക്രീറ്റ് ചെയ്യാനുണ്ട്. അതിനുശേഷമായിരിക്കും രണ്ടാംഘട്ട ബിസി ടാറിങ് ചെയ്യുക. പാലത്തിന്റെ വശങ്ങളിൽനിന്നു ജലസംഭരണിയിലേക്ക് ഇറങ്ങാനുള്ള പാതയുടെ നിർമാണവും പാലത്തിന്റെ അവസാന മിനുക്കുപണികളും നടന്നുവരുകയാണ്.