മണികണ്ഠന് ചെലവിട്ടത് ലക്ഷങ്ങള്‍ : വസ്തുതട്ടിപ്പിന്റെ തലച്ചോര്‍ അനില്‍ തമ്പിയുടേത്
1580914
Sunday, August 3, 2025 6:39 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാന തലച്ചോര്‍ അനില്‍ തമ്പിയുടേതെന്നു പോലീസ്. അതേസമയം വസ്തു രജിസ്റ്ററാക്കി നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ക്കായി അനന്തപുരി മണികണ്ഠന് ചെലവിട്ടത് ലക്ഷക്കണക്കിന് രൂപയാണെന്നു പോലീസ് പറയുന്നു.
വസ്തു ഉടമ ഡോറ അസറിയ ക്രിപ്സ് വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസക്കാരിയാണെന്നും ഇവിടെ ഒരു വീടുസൂക്ഷിപ്പുകാരന്‍ മാത്രമാണ് ഉള്ളതെന്നും പ്രതികള്‍ക്ക് അറിയാമായിരുന്നു. ഏകദേശം 10 വര്‍ഷമായി വസ്തു തട്ടിയെടുക്കുന്നതിന് അനില്‍ തമ്പി ആസൂത്രണം നടത്തിവരികയായിരുന്നു. ഡോറയുടെ വീടിനു വസ്തുവിനുമായി 10 കോടിയിലേറെ മതിപ്പുവില വരും. 14 സെന്റ് വസ്തുവിലാണ് വീട് ഇരിക്കുന്നത്.
മെറിന് ജേക്കബാണ് ചന്ദ്രസേനന് എന്നയാള്‍ക്ക് വിലയാധാരം എഴുതി നല്‍കിയതെങ്കിലും ഇതിനു പിന്നിലെ പ്രവര്‍ത്തനങ്ങള്‍ അനന്തപുരി മണികണ്ഠന്റേതായിരുന്നു. ഇതിലൂടെ 1.10 കോടി രൂപ മണികണ്ഠനു ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കാറും വീടും വസ്തുവും വാങ്ങിക്കൂട്ടുകയായിരുന്നു അനന്തപുരി മണികണ്ഠന് ചെയ്തത്. ആധാരം രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ്, ഇ-സ്റ്റാമ്പ് ചെലവ് എന്നിവ ഉള്‍പ്പടെ ഇയാള്‍ എട്ടുലക്ഷത്തിലേറെ രൂപ ചെലവാക്കി.
ഡോറയുമായി രൂപസാദൃശ്യമുള്ള കല്ലയം സ്വദേശിനി വസന്തയെ കണ്ടെത്തി മണികണ്ഠന്റെ മുന്നില്‍ എത്തിച്ചത് ഇയാളുടെ സുഹൃത്തായ സുനില്‍ ബാബു തോമസാണ്. അനന്തപുരി മണികണ്ഠന്റെ നിർദേശപ്രകാരം ശാസ്തമംഗലത്തെ സബ്രജിസ്ട്രാര്‍ ഓഫീസില്‍ കള്ളസാക്ഷിയായി ഒപ്പിടുന്നതിനും ഇയാള്‍ എത്തിയിരുന്നു.
സുഹൃത്തിനുവേണ്ടിയും മണികണ്ഠന് നല്ലൊരു സംഖ്യ ചെലവിട്ടു. ഡോറയുടെ വളര്ത്തുപുത്രിയെന്നു കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു മെറിന് ജേക്കബിനെ എത്തിച്ചത് മണികണ്ഠന്റെ മറ്റൊരു സുഹൃത്തായ സെയ്ദാലിയാണ്. ഇതിനുവേണ്ടി 25 ലക്ഷം രൂപയാണ് മണികണ്ഠന് സുഹൃത്തായ സെയ്ദാലിക്കു നല്‍കിയത്.
സഹോദരനായ സിഐ മഹേഷിന്റെ യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് മണികണ്ഠന് ട്രഷറിയില്‍ തുക അടച്ചത്. മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. മണികണ്ഠനു മൊത്തം ഒരുകോടി 10 ലക്ഷം രൂപ കൈമാറിയത് ചന്ദ്രസേനന്റെ മരുമകനായ അനില്‍ തമ്പിയാണ്. ജവഹര്‍ നഗറില്‍ തന്നെയാണ് അനില്‍ തമ്പിയും താമസിച്ചുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്.
അസ്സല് പ്രമാണം അനില്‍ തമ്പിയുടെ പക്കലുണ്ടെങ്കിലും ഇതു ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ട് അനില്‍ തമ്പി ഹാജരാക്കാതെ ഒളിവില്‍പ്പോകുകയായിരുന്നു.
50 ലക്ഷത്തോളം രൂപ മണികണ്ഠന് രജിസ്റ്റര്‍ ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്കും പിന്നെ സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കിയായിരുന്നു വ്യാജരേഖ ചമച്ച് വസ്തു തട്ടുക്കുന്നതിന് അനില്‍ തമ്പിക്കു കൂട്ടുനിന്നത്.