ജവഹർനഗർ വസ്തുതട്ടിപ്പ് കേസ് : ഒളിവിലുള്ള അനില്‍ തമ്പിക്ക് വമ്പന്‍ രാഷ്ട്രീയ സ്വാധീനം
1581247
Monday, August 4, 2025 6:44 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പിലെ പ്രധാന കണ്ണി അനില്‍ തമ്പിയുടേത് വമ്പന്‍ രാഷ്ട്രീയ സ്വാധീനം. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇയാള്‍ക്ക് വളരെ അടുപ്പമുണ്ട്. ഒരു ബിസിനസ് മാഗ്നറ്റായി അറിയപ്പെടുന്ന അനില്‍ തമ്പിയുടെ സ്വാധീനം കേരളത്തിനകത്തു മാത്രമല്ല, പുറത്തും വിദേശ രാജ്യങ്ങളിലും വരെയുണ്ടെന്നാണു സൂചന.
അനില്‍ തമ്പിക്കുവേണ്ടി വസ്തു തട്ടിപ്പില്‍ ഭാഗഭാക്കായിരുന്ന മെറിന് ജേക്കബും സെയ്ദാലിയും ജനീവയിലെ അന്താരാഷ്ട്ര സമ്മേളനത്തിലും വിദേശ രാജ്യങ്ങളിലെ കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. ജവഹര്‍ നഗറില്‍ സെയ്ദാലി സെക്രട്ടറിയായി വി ഗ്രോ ഫോറസ്റ്റ് ഫൗണ്ടേഷന് എന്ന ഒരു പരിസ്ഥിതി സംഘടനയുണ്ട്. ഇതിലെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു മെറിന് ജേക്കബ്.
അനില്‍ തമ്പിക്ക് ആധാരമെഴുത്തുകാരനായ അനന്തപുരി മണികണ്ഠനെ സ്വാധീനിക്കാനും ഇയാള്‍വഴി വ്യാജ രേഖകള്‍ ഹാജരാക്കി 10 കോടിയില്‍പ്പരം രൂപയുടെ സ്വത്തുക്കള്‍ കൈക്കലാക്കുന്നതിനായി വിവിധ കണ്ണികളെ സ്വാധീനിച്ചെടുക്കാനും സാധിച്ചു. ഈ കണ്ണികളില്‍ ഭൂരിഭാഗവും അറസ്റ്റിലായിട്ടുണ്ടെങ്കിലും അനില്‍ തമ്പി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ കേരളം വിട്ടതായി പോലീസ് കരുതുന്നു. എന്നാല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും പോലീസ് കൈക്കൊണ്ടിട്ടുണ്ട്.
മെറിന് ജേക്കബ് വസ്തു വിലയാധാരമായി എഴുതി നല്കിയ ചന്ദ്രസേനന് പറയുന്നത് തന്റെ മരുമകനായ അനില്‍ തമ്പി തന്നെ നിര്‍ബന്ധിച്ച് പ്രമാണത്തില്‍ ഒപ്പുവച്ചുവെന്നാണ്. ഈ പ്രമാണം ഇപ്പോഴും അനില്‍ തമ്പിയുടെ കൈവശമുണ്ട്. ഇതുമായാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്. പ്രമാണം റദ്ദുചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു വരുന്നതിനാല്‍ ജവഹര്‍ നഗറിലെ വസ്തുവും വീടും തട്ടിയെടുക്കാനുള്ള അനില്‍ തമ്പിയുടെ പദ്ധതി ഒടുവില്‍ വഴിപിഴച്ചു പോകുകയായിരുന്നു.
അനില്‍ തമ്പിയുടെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അയാള്‍ തന്നെ രക്ഷിച്ചുകൊള്ളുമെന്നായിരുന്നു അനന്തപുരി മണികണ്ഠന്റെ വിശ്വാസം. അതാണ് കോടികളുടെ സ്വത്ത് തട്ടിയെടുപ്പിനു മണികണ്ഠന് കൂട്ടുനില്ക്കാന് കാരണമായത്. അനില്‍ തമ്പിക്ക് ഒരു സ്വകാര്യ കമ്പനിയുമായി ഉന്നത ബന്ധമുണ്ടെന്നു പോലീസ് പറയുമ്പോള്‍ എത്രമാത്രം സ്വാധീനമാണ് ഇയാള്‍ക്ക് സമൂഹത്തിലുള്ളതെന്നു വ്യക്തമാകുന്നു.
ഏതായാലും അനില്‍ തമ്പിയെ പടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം പോലീസ് ശക്തമായി തുടരുകയാണ്. ഇന്നലെയും അനില്‍ തമ്പിക്കുവേണ്ടി ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും രഹസ്യകേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തുകയുണ്ടായി.