ആലുംമൂട് ജംഗ്ഷനില്‍ അവധിനാളിലും ഗതാഗതക്കുരുക്ക്
1581260
Monday, August 4, 2025 6:51 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ അവധി ദിനമായ ഇന്നലെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രവൃത്തി ദിവസങ്ങളിലേതുപോലെ യാത്രക്കാര്‍ വലഞ്ഞു. നെയ്യാറ്റിന്‍കര- ബാലരാമപുരം റോഡും നെയ്യാറ്റിന്‍കര -കാട്ടാക്കട റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ ആലുംമൂട് മുഖ്യവാണിജ്യകേന്ദ്രങ്ങളിലൊന്നാണ്. ഇതേ ജംഗ്ഷനിലാണ് നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡും വന്നു ചേരുന്നത്.
കാട്ടാക്കട റോഡിലും കോണ്‍വെന്റ് റോഡിലുമുള്ള വിദ്യാലയങ്ങളടക്കമുള്ള സ്ഥാപനങ്ങള്‍ ഞായറാഴ്ചയായതിനാല്‍ ഇന്നലെ അവധിയായിരുന്നിട്ടും ജംഗ്ഷനില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. വീതി കുറഞ്ഞ പാത, കേബിളിന്റെ കുഴി, പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിംഗ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ആലുംമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
ബി.എസ്.എന്‍.എല്ലിന്റെ കേബിള്‍ കുഴി അടയ്ക്കല്‍ പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്നലെ പകല്‍ മഴ പെയ്ത സമയത്തും ആലുംമൂട് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് തുടര്‍ന്നതായി യാത്രക്കാര്‍ പറഞ്ഞു.