നെട്ടുകാൽത്തേരി തുറന്ന ജയിലിൽ മത്സ്യകൃഷി വിളവെടുപ്പ്
1581454
Tuesday, August 5, 2025 7:03 AM IST
നെയ്യാർഡാം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ മത്സ്യകൃഷി വിളവെടുത്തു. പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹായത്താൽ നടപ്പാക്കിയ പദ്ധതിയിൽ റോഹു, കട്ല, ഗ്രാസ്കാർപ്പ്, ഇനത്തിൽപെട്ട 1,000 കിലോ മത്സ്യമാണ് ജയിലിലെ ചെക്ക് ഡാമിൽ നിന്നും വിളവെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലെ അന്തേവാസികൾക്ക് ആവശ്യമായ മത്സ്യം വിളവെടുപ്പു ദിവസം എത്തിക്കാനായി. കൂടാതെ തുറന്ന ജയിലിനു പുറത്തുള്ള സെയിൽസ് കൗണ്ടർ വഴി പൊതുജനങ്ങൾക്കും മത്സ്യം വിറ്റഴിച്ചു. തുറന്ന ജയിൽ സൂപ്രണ്ട് എസ്. സജീവ്, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വാർഡ് അംഗം ശ്രീകല, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സജീവ്, ഫിഷറീസ് കോ - ഓർഡിനേറ്റർ ജീന, ഫിഷറീസ് പ്രമോട്ടർ അജയകുമാർ എന്നിവർ പങ്കെടുത്തു.