ജവഹർ നഗർ വസ്തുതട്ടിപ്പ് : അനന്തപുരി മണികണ്ഠനെയും സുനിലിനെയും കസ്റ്റഡിയില്‍ വാങ്ങി
1581456
Tuesday, August 5, 2025 7:03 AM IST
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തപുരി മണികണ്ഠനെയും സുനില്‍ ബാബു തോമസിനെയും മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
നാലുദിവസത്തേക്കാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ചൊവ്വാഴ്ച മുതല്‍ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. മണികണ്ഠനെ ഇയാളുടെ പുത്തന്‍കോട്ടയിലെ വീട്ടിലും മേലാംകോട്ടെ വാടകവീട്ടിലും കിള്ളിപ്പാലത്തെ ആധാരമെഴുത്ത് ഓഫീസിലും ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലും തെളിവെടുപ്പിന് എത്തിക്കുമെന്നാണു സൂചന.
അനില്‍ തമ്പിക്കുവേണ്ടി ഡോറ അസറിയ ക്രിപ്സിന്റെ പേരിലുള്ള 10 കോടിയിലേറെ മതിപ്പുവില വരുന്ന വസ്തുവും വീടും തട്ടിയെടുക്കുന്നതിനുവേണ്ടി വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തുവെന്നതാണ് മണികണ്ഠനെതിരേയുള്ള കുറ്റം. അതേസമയം ഇയാളുടെ സുഹൃത്ത് സുനില്‍ ബാബു തോമസാണ് കരകുളം സ്വദേശിനിയായ വസന്തയെ മണികണ്ഠന് പരിചയപ്പെടുത്തിയത്. ഡോറയുമായി പ്രായത്തിലും രൂപത്തിലും സാദൃശ്യമുള്ളയാളെ കണ്ടെത്തേണ്ടുന്നത് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ അനിവാര്യമായിരുന്നു.
ഇതുകൂടാതെ ധനനിശ്ചയ പ്രമാണത്തില്‍ കള്ളസാക്ഷിയായി ഒപ്പിട്ടിരിക്കുന്നതും സുനിലാണ്. സുനിലിനെയും സബ്രജിസ്ട്രാര്‍ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി അനില്‍ തമ്പി ഇപ്പോഴും ഒളിവിലാണെങ്കിലും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും കേസിന്റെ മര്‍മ്മപ്രധാനമായ ഭാഗം കണ്ടെത്തുന്നതിനും അനന്തപുരി മണികണ്ഠനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
എന്നാല്‍ എല്ലാ കള്ളത്തരവും തന്നെക്കൊണ്ടു ചെയ്യിച്ചത് അനില്‍ തമ്പിയാണെന്നു മാത്രമായിരുന്നു അറസ്റ്റിലായ ദിവസം മണികണ്ഠനു പറയാനുണ്ടായിരുന്നത്. ആഴ്ചകളായി ഒഴിവില്ക്കഴിഞ്ഞു വരുന്ന അനില്‍ തമ്പിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.