വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: രണ്ടാംഘട്ട നിർമാണത്തിന് ഇനിയും തുടക്കമായില്ല
1581461
Tuesday, August 5, 2025 7:03 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട വിജയം ആഘോഷിച്ചെങ്കിലും രണ്ടാം ഘട്ട നിർമാണത്തിന് ഇനിയും തുടക്കമായില്ല. ഉടൻ തുടങ്ങുമെന്നു മാസങ്ങൾക്കു മുൻപേ അധികൃതർ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല.
കടൽക്ഷോഭവും കാലാവസ്ഥാവ്യതിയാനവും പുലിമുട്ടിനായുള്ള കല്ലിടലിനും തടസമായി. ഏകദേശം 1000 കോടിയിൽപ്പരം രൂപയാണ് രണ്ടാംഘട്ട നിർമാണത്തിന് അധികൃതർ പ്രതീക്ഷിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതും പ്രതീക്ഷിച്ചു ലോകത്തിലെ നിരവധി കപ്പൽ കമ്പനികൾ രംഗത്തുണ്ട്. ഇവർക്കു വിഴിഞ്ഞത്ത് കപ്പൽ അടുപ്പിക്കണമെങ്കിൽ തുറമുഖം പൂർണ സജ്ജമാകണം.
നിലവിൽ 800 മീറ്റർ നീളവും 400 മീറ്റർവീതിയുമുള്ള ബർത്തിനെ എംഎസ്സി ഷിപ്പിംഗ് കമ്പനി കൈ യടക്കിയിരിക്കുകയാണ്. മാസത്തിൽ 40 മുതൽ 50 വരെ അടുക്കുന്ന കപ്പലുകളിൽ മിക്കവയും എംഎസ്സിയുടേതു മാത്രമാണ്. ലോകത്തിലെ മറ്റ് അഞ്ചോളം പ്രമുഖ കമ്പനികൾ ഇതിനോടകം വിഴിഞ്ഞത്തിന്റെ സാധ്യതകൾ തേടിയെത്തിയതായാണറിവ്. ബർത്ത് ഒഴിവില്ലാത്തത് ഈകമ്പനികൾക്ക് തിരിച്ചടിയായി.
2024 ജൂലൈ 11 നാണ് സാൻഫെർണാണ്ടോ എന്ന ആദ്യകപ്പൽ വിഴിഞ്ഞത്ത് അടുപ്പിച്ച് തുടക്കം കുറിച്ചത്. ട്രയൽ റൺ കഴിഞ്ഞ് ഡിസംബറിൽ വ്യാവസായിക തുറമുഖമായി മാറിയ വിഴിഞ്ഞത്തു കഴിഞ്ഞ ദിവസം വരെ ചരക്കുമായി 425 കപ്പൽ അടുത്തു. ഒന്പതുലക്ഷം കണ്ടെയ്നറുകളും സുഗമമായി കൈകാര്യം ചെയ്തു.
ലോകത്തിലെ ഏതു തരം തുറമുഖങ്ങളോടും കിടപിടിക്കാൻ പാകത്തിൽ വിഴിഞ്ഞം തുറമുഖം വളർന്നെങ്കിലും കൂടുതൽ കപ്പലുകളെ അടുപ്പിക്കാൻ പാകത്തിൽ എത്തണമെങ്കിൽ രണ്ടും മൂന്നും ഘട്ടം പൂർണ്ണമാകണം. 2028-ൽ രണ്ടാംഘട്ടം പൂർണമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടു പുലിമുട്ടുപോലും പൂർ ത്തിയാക്കാനായിട്ടില്ല.