ശസ്ത്രക്രിയ മുടങ്ങിയ സംഭവം : നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
1582051
Thursday, August 7, 2025 6:53 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിലെ ജലസംഭരണിയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഓപ്പറേഷൻ തിയറ്റർ അടച്ചിടുകയും നേരത്തെ നിശ്ചയിച്ചിരുന്ന ചില ശസ്ത്രക്രിയകള്‍ താത്കാലികമായി മാറ്റി വയ്ക്കുകയും ചെയ്തത്.
മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങളുമായി ആശുപത്രി വളപ്പിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ഓഫീസില്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് വിനീത് നേതൃത്വം നല്കി.
നേതാക്കളായ ഋഷി എസ്. കൃഷ്ണ, ഷൈന്‍ദാസ്, ശ്യാംലാല്‍, അഹമ്മദ് റൈസ്, അരുണ്‍, ഹരി, അരുണ്‍ സേവ്യര്‍ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പ്രതിഷേധ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.