അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ : രണ്ടര വയസുകാരനെ മാന്തിയ പൂച്ച ചത്തു; ആശങ്കയിൽ രക്ഷകർത്താക്കൾ
1581786
Wednesday, August 6, 2025 7:04 AM IST
കുറ്റിച്ചൽ: രണ്ടര വയസുകാരനെ മാന്തിയ പൂച്ച ചത്തു, ആശങ്കയിൽ രക്ഷകർത്താക്കൾ. കുറ്റിച്ചൽ കുഴിയംകോണം അങ്കണവാടിയിലെ കുഴിയംകോണം സ്വദേശി സൈനബയുടെ മകൻ ഹൈസ് ഖാനെയാണ് പൂച്ച മാന്തിയത്.
കളിക്കുന്നതിനിടെയാണ് പൂച്ച മാന്തിയത്. എന്നാൽ ഈ വിവരം അങ്കണവാടി അധ്യാപിക നിഷ മറച്ചു വച്ചു. ശരീരത്തിൽ മാന്തൽ കണ്ട് മാതാവ് സൈനബ തിരക്കിയപ്പോഴാണ് പൂച്ച മാന്തിയതായി അറിയുന്നത്. ടീച്ചറോട് ഈ വിവരം ചോദിച്ചെങ്കിലും അവർ സമ്മതിച്ചില്ല. തുടർന്ന് മാതാവ് കുട്ടിയുമായി ആരോഗ്യകേന്ദ്രത്തിൽ പോയപ്പോൾ പൂച്ച മാന്തിയതായി സ്ഥിരീകരിക്കുകയും കുട്ടിക്ക് ആന്റി റാബീസ് വാക്സിൻ നൽകുകയും ചെയ്തു.
തുടർന്ന് വീട്ടമ്മ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇവർ നടത്തിയ അന്വേഷണത്തിൽ അധ്യാപിക തെറ്റ് ചെയ്തതായി കണ്ടെത്തുകയും അവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനിടയക്കാണ് ഇന്നലെ പൂച്ച ചത്തത്. ഇതോടെയാണ് രക്ഷിതാക്കൾ ആശങ്കയിലായത്.