രാജധാനി ബാറില്‍ മോഷണം; പണവും മദ്യവും കവര്‍ന്നു
1581790
Wednesday, August 6, 2025 7:04 AM IST
പേരൂര്‍ക്കട: കിഴക്കേക്കോട്ടയിലെ ശ്രീ രാജധാനി ബാറിലുണ്ടായ മോഷണത്തില്‍ പണവും മദ്യവും കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1 മണിയോടുകൂടിയാണ് മോഷണം നടന്നതെന്നാണ് അനുമാനം. ഇവിടെനിന്ന് 91,000 രൂപയും നാലുകുപ്പി മദ്യവുമാണ് മോഷ്ടാവ് കൊണ്ടുപോയത്. രാവിലെ 10 മുതല്‍ രാത്രി 11 മണിവരെയാണ് ബാറിന്റെ പ്രവര്‍ത്തനം.
സിസിടിവി കാമറ പരിശോധിച്ചതില്‍ നിന്ന് അസ്വാഭാവികമായ രീതിയില്‍ ആരും ബാറിനുള്ളിലേക്ക് കയറുന്നതായി കാണാനായില്ല. ബാറിന് മുന്‍വശത്തെ ഷട്ടറും പൂട്ടും അതേപടി കിടപ്പുണ്ട്. ബാറിനു പിറകുവശത്തുകൂടിയാണ് മോഷ്ടാവ് ഉള്ളിലേക്ക് കടന്നതെന്നാണ് അനുമാനമെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു.
ബാര്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മോഷ്ടാവ് ഉള്ളില്‍ക്കയറി ഒളിച്ചിരുന്നശേഷം മോഷണം നടത്തിയതാണെന്നു കരുതുന്നു. മങ്കി ക്യാപ്പ് ധരിച്ചെത്തിയ മോഷ്ടാവിന്റെ കണ്ണുകള്‍ മാത്രമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണാനാകുന്നത്.
ഒരു ഹാക്സാ ബ്ലേഡ്, കമ്പി, സ്പാനര്‍ തുടങ്ങിയവയുമായി മോഷ്ടാവ് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. മേശയ്ക്കുള്ളിലിരുന്ന രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.