സിപിഐ ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും : മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരും
1581775
Wednesday, August 6, 2025 6:52 AM IST
തിരുവനന്തപുരം : സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. നിലവിലെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരും. 11 ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായ ശേഷമാണു തിരുവനന്തപുരം സമ്മേളനം ചേരുന്നത്. പത്തനംതിട്ട, കോട്ടയം സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്. സെപ്റ്റംബർ എട്ടു മുതൽ 12 വരെ ആലപ്പുഴയിലാണു സംസ്ഥാന സമ്മേളനം.
ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെയും സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നിരുന്നു. സർക്കാരിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു വലിയ വിമർശനമാണു ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായത്.
സിപിഐ സിപിഎം പറയുന്നതും കേട്ടു പ്രവർത്തിക്കുന്ന പാർട്ടിയായി മാറി. ഇടതുമുന്നണി യോഗത്തിൽ സിപിഎം പറയുന്നതുംകേട്ടു അനുസരണയോടെ തിരിച്ചുവരുന്ന പാർട്ടി സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയെന്നടക്കമുള്ള വിമർശനങ്ങളും സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ഈ വിമർശനങ്ങൾ അതേപടി ആവർത്തിക്കുമെന്നുള്ളതും ഉറപ്പാണ്.
51-അംഗങ്ങളാണു ജില്ലാ കൗണ്സിലുള്ളത്. 18 അംഗ എക്സിക്യൂട്ടീവും നിലവിലുണ്ട്.കെ.എസ്. അരുണും പള്ളിച്ചൽ വിജയനുമാണു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വവുമായി ചേർന്നുപോകുന്ന നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി മറ്റൊരാളെ സെക്രട്ടറിയാക്കേണ്ട സാഹചര്യം നിലവിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനു മുന്നിലില്ല.
കൂടാതെ ജില്ലയിലെ മന്ത്രി കൂടിയായ ജി.ആർ.അനിലിന്റെ വിശ്വസ്തൻ കൂടിയാണു രാധാകൃഷ്ണൻ. ഈ ബന്ധവും അദ്ദേഹത്തിനു ഗുണകരമാകും. നാളെ വൈകുന്നേരം മൂന്നു മണിക്കു പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും റെഡ് വോളണ്ടിയർ മാർച്ച് ആരംഭിക്കും.
മാർച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എട്ട്, ഒൻപതു തീയതികളിൽ വഴുതക്കാട് ടാഗോർ തീയേറ്ററിലാണു പ്രതിനിധി സമ്മേളനം നടക്കുക.