ഇഎസ്ഐ ക്വാര്‍ട്ടേഴ്സുകള്‍ നിലംപൊത്താറായ നിലയില്‍
1582050
Thursday, August 7, 2025 6:53 AM IST
അന്തിയുറങ്ങുന്നത് ജീവന് പണയംവച്ച്
പേരൂര്‍ക്കട: ഇഎസ്ഐ ആശുപത്രി ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ നിലംപൊത്താറായ നിലയില്‍. 12 ഓളം വരുന്ന ക്വാര്‍ട്ടേഴ്സുകളിലായി ജീവനക്കാരും അവരുടെ ആശ്രിതരുമായി ഏകദേശം 40 പേരുണ്ട്. മിക്ക കെട്ടിടങ്ങള്‍ക്കും 60 വര്‍ഷത്തെ പഴക്കമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇഎസ്ഐ കോര്‍പ്പറേഷനിലെ ക്വാര്‍ട്ടേഴ്സുകളുടെ ദുരവസ്ഥയെക്കുറിച്ച് വര്‍ഷങ്ങളായി ജീവനക്കാര്‍ തന്നെ പറഞ്ഞുവരുന്നതാണ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിടെ ക്വാര്‍ട്ടേഴ്സുകള്‍ എടുത്തു താമസിക്കുന്നത്. 90 ശതമാനം വീടുകളുടെയും മേല്‍ക്കൂരയില്‍ ടാര്‍പോളിന്‍ കെട്ടിയിരിക്കുന്നതുകാണാം. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ ഇളകുകയും ഓടുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഈര്‍പ്പം പിടിച്ചു പായല്‍ വളര്‍ന്ന നിലയിലുമാണ്.
മിക്ക വീടുകളുടെയും അടുക്കള ഭാഗങ്ങളില്‍ ആസ്ബസ്റ്റോസ് ഷീറ്റുകളും പാളകളും മറ്റും കാണാനാകും. വെള്ളം ഉള്ളിലേക്ക് വീഴാതിരിക്കാന്‍ ചെയ്തിരിക്കുന്നവയാണ് ഇത്. കെട്ടിടങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനായി ഈ മാസം ഒടുവില്‍ കേന്ദ്രസംഘം പേരൂര്‍ക്കടയിലേക്ക് എത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരിക്കും അവര്‍ ശ്രമിക്കുക.
എന്നാല്‍ നിരവധി ജില്ലകളിലുള്ളവര്‍ താമസിക്കുന്ന പ്രസ്തുത വീടുകള്‍ ഒഴിഞ്ഞുകൊടുത്താല്‍ ഇവര്‍ കൂട്ടത്തോടെ എവിടെ താമസിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം അത്യാഹിതം ഉണ്ടാകുന്നതിനു മുമ്പ് ജീവനക്കാരെ മാറ്റി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടതുണ്ട്. കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ സാധിക്കാത്തവിധം ചുമരുകള്‍പോലും ഇളകിവീഴാറായ നിലയിലാണ്.
ഇഎസ് ഐ കോര്‍പ്പറേഷനാണ് എന്തെങ്കിലും ചെയ്യേണ്ടതെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവര്‍ക്കു സ്വസ്ഥമായി കിടന്നുറങ്ങാനുള്ള സാഹചര്യവും ഉണ്ടാകേണ്ടതുണ്ടെന്നും പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. സെന്റ് ജോര്‍ജ് പറഞ്ഞു.