വനിതാ തിയറ്റര്‍ നാടക പരിശീലനക്യാമ്പ്
1582057
Thursday, August 7, 2025 6:53 AM IST
നെടുമങ്ങാട്: സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങൾക്കെതിരെ സ്ത്രീശാക്തീകരണ നാടകവുമായി ആനാട് ഗ്രാമപഞ്ചായത്ത്. ഈ വര്‍ഷം ജില്ലയില്‍ ആദ്യമായി നടക്കുന്ന വനിതാജംഗ്ഷന്‍ പരിപാടിയിലാണ് പഞ്ചായത്ത് കനല് എന്ന നാടകവുമായി രംഗത്തെത്തിയത്.
കുടുംബങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സങ്കടങ്ങളെ അതിജീവിക്കാനുള്ള പാഠങ്ങളാണ് നാടകം പകര്‍ന്നു നല്‍കുന്നത്. 40-മിനിട്ട് ദൈര്‍ഘ്യമുള്ള ചെറുനാടകത്തില്‍ 20-സ്ത്രീകളാണ് അരങ്ങിലും അണിയറയിലുമായെത്തുന്നത്. ഇരിഞ്ചയം സനല്‍ നാടകരചനയും അനില്‍ കാരേറ്റ് സംവിധാനവും നിര്‍വഹിച്ച നാടകം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും.
വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ഥിനികള്‍ വരെ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. കേരള പോലീസിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫില്‍ നിന്നും വിരമിച്ച ജയകുമാരി, എട്ടാം ക്ലാസുകാരി അബിഷ്ട വരെ നാടകത്തിന് നിറപ്പൊലിമ പകരാന്‍ വേദിയിലെത്തുന്നുണ്ട്.