കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ
1581776
Wednesday, August 6, 2025 6:52 AM IST
ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിലെ ജലസംഭരണിയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരി യയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടു.
ഇന്നലെ നടത്താനിരുന്ന ശസ്ത്രക്രിയകളും താത്കാലികമായി മാറ്റി വച്ചു. ഓപ്പറേഷന് തിയറ്ററിലെ ജലസംഭരണിയിലെ കുടിവെള്ളം രോഗികള്‍ക്ക് ഉപയോഗയോഗ്യമാണോ എന്നു പരിശോധിക്കുന്ന പതിവുണ്ട്. ബാക്ടീരിയയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജലസംഭരണി പൂര്‍ണമായും ജലരഹിതമാക്കുകയും ശുദ്ധമാക്കുകയും ചെയ്യും. തുടര്‍ന്നു വീണ്ടും വെള്ളം നിറച്ചതിനുശേഷം സാന്പിള്‍ പരിശോധനയ്ക്ക് അയക്കും.
ഉപയോഗയോഗ്യമെന്ന ഫലം ലഭിച്ചതിനുശേഷം ഓപ്പറേഷന് തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മാറ്റി വച്ച സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു മാസങ്ങള്‍ക്കുമുന്‍പ് ദിവസങ്ങളോളം തിയറ്റര്‍ അടച്ചിട്ടു.
അണുനശീകരണത്തിനു ശേഷമുള്ള പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീട് തിയറ്റര്‍ തുറന്നത്. നെയ്യാറ്റിന്‍കരയുടെ പ്രധാന ജലസ്രോതസായ നെയ്യാറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യത്തിനു കാരണമാകുന്ന വിധത്തില്‍ നഗരത്തിലെ മാലിന്യമൊഴുക്കി വിടുന്നതായി ആരോപണമുണ്ട്.
ജല അഥോറിറ്റിയുടേതുള്പ്പെടെ വിവിധ കുടിവെള്ള പദ്ധതികളുടെ ആശ്രയകേന്ദ്രം നെയ്യാറാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്പോള്‍ തന്നെയാണ് ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയലും ഒഴുക്കലുമൊക്കെ തുടരുന്നത്.