കോടതിയിൽവച്ച് പിതാവും മകനും ചേർന്നു വക്കീലിനെ മർദിച്ചു
1581783
Wednesday, August 6, 2025 7:04 AM IST
നെടുമങ്ങാട്: കോടതിയിൽവച്ച് പിതാവും മകനും ചേർന്നു വക്കീലിനെ മർദിച്ചതായി പരാതി. കരകുളം പേരൂർക്കോണം കോട്ടുകാൽ കോണത്ത് വീട്ടിൽ സലീം, മകൻ അൻവർ സലീം എന്നിവർ ചേർന്നു വക്കീലും ലീഗൽ കൺസൾട്ടന്റുമായ ആർ.സി. പ്രകാശിനെ മർദിച്ചുവെന്നാണ് പരാതി. നെടുങ്ങാട് മുൻസിഫ് കോടതിയിൽ ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. സിവിൽ കേസുമായി ബന്ധപ്പെട്ടു മീഡിയേഷനുവേണ്ടി എതിർ കക്ഷികൾ ഹാജരുണ്ടായിരുന്നു.
മീഡിയേഷന്റെ ഭാഗമായി എതിർ വിഭാഗത്തിനു വക്കീൽ ഇല്ലാത്തതിനാൽ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോഴാണ് ചീത്ത വിളിച്ച് അക്രമണം നടത്തിയതെന്നു പ്രകാശ് പറഞ്ഞു. താടിയെല്ലിലും മുഖത്തും ശരീരത്തിലും ഇരുവരും ചേർന്നു മർദിച്ചതായും മർദനത്തിനിടെ 5000 രൂപ വില വരുന്ന വാച്ച് നഷ്ടപ്പെട്ടതായും പ്രകാശ് പരാതിയിൽ പറയുന്നു.
മജിസ്ട്രേറ്റിന്റെ മുന്നിൽ വച്ചായിരുന്നു മർദനം. പോലീസെത്തിയപ്പോൾ അൻവർ സലീം ഓടി രക്ഷപ്പെട്ടങ്കിലും പിതാവ് സലീ മിനെ പോലീസ് പിടികൂടി. സ്റ്റേഷനിൽ കൊണ്ടുവരും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുത്തു.
കേന്ദ്ര സർക്കാറിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലറായ പ്രകാശിനെ ആക്രമിച്ച സംഭവത്തിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദനമേൽപ്പിച്ചതിനും കേസെടുത്തതായും നെടുമങ്ങാട് എസ്എച്ച് ഒ രാജേഷ്കുമാർ പറഞ്ഞു.