യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി പിടിയില്‍
1581785
Wednesday, August 6, 2025 7:04 AM IST
തിരുവല്ലം: ബൈക്കിലെത്തി യുവാവിനെ വാളുകൊണ്ട് തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചും റോഡില്‍ ചവിട്ടിതള്ളിയിട്ടു മര്‍ദിക്കുകയും ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ലം പാപ്പാന്‍ചാണി ചരുവിള പുത്തന്‍വീട്ടില്‍ സൂരജിനെ (24) യാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടാം പ്രതി തിരുവല്ലം സ്വദേശി രഞ്ജിത്തിനെ പോലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. സൂരജിന്റെ സമീപവാസിയായ ബിബിനെ (30)യാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ മേയ് 11നു രാത്രി പത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. വീടിനു സമീപത്ത് ബൈക്ക് റെയ്സിംഗ് നടത്തി ഒച്ചപ്പാടുണ്ടായതു ബിബിന്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ യുവാക്കള്‍ ബൈക്കിലെത്തുകയും വീട്ടിലേയ്ക്ക് പോകുകയായിരുന്ന ബിബിനെ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് സൂരജ് കൈയില്‍ കരുതിയിരുന്ന വാളുപയോഗിച്ച് ബിബിന്റെ തലയില്‍ വെട്ടുകയുമായിരുന്നു.
വെട്ടേറ്റ് നിലത്തുവീണ ബിബിനെ പ്രതികള്‍ ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. ബിബിന്റെ നിലവിളികേട്ടു സമീപവാസികള്‍ ഓടി എത്തിയതോടെ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തില്‍ ബിബിനെ ആശുപത്രിയില്‍ എത്തിച്ചശേഷവും പ്രതികള്‍ വീണ്ടുമെത്തി ബിബിന്റെ വീടിനുനേരേ തടിക്കഷണങ്ങളും ബിയര്‍കുപ്പികളും എറിഞ്ഞതായും പോലീസ് അറിയിച്ചു. തിരുവല്ലം പോലീസ് സംഘം ഒളിസങ്കേതത്തില്‍നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.