ലോ അക്കാഡമിയില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷം : രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്ക്
1582044
Thursday, August 7, 2025 6:42 AM IST
പേരൂര്‍ക്കട: ലോ അക്കാഡമിയില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടുകൂടിയാണ് എസ്എഫ്ഐ-എബിവിപി സംഘര്‍ഷമുണ്ടായത്. പുറത്തുനിന്നും എബിവി പി പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐക്കാര്‍ പറയുന്നത്. അതേസമയം പ്രകോപനമില്ലാതെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചതായി എബിവിപി പ്രവര്‍ത്തകരും ആരോപിക്കുന്നു.
പത്തോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകനായ അതുല്കൃഷ്ണയ് ക്ക് ഹെല്‍മെറ്റു കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആറ്റുകാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ് ഐ പ്രവര്‍ത്തകനായ ഗൗതം കൃഷ്ണയ്ക്കു നെറ്റിക്കു സാരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. അതേസമയം കുറച്ചുനാളുകള്‍ക്കു മുമ്പ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന വിഷയത്തിന്റെ ചുവടുപിടിച്ചാണു അടിപിടി ഉണ്ടായതെന്നു പേരൂര്‍ക്കട പോലീസ് അറിയിച്ചു.