മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
1582041
Thursday, August 7, 2025 6:42 AM IST
ആറു പേർ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം: മീൻ പിടുത്തത്തിനിടയിൽ വള്ളം തിരയിൽ പെട്ടു മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് ആറുപേർ നീന്തി രക്ഷപ്പെട്ടു. വെട്ടുകാട് തൈ വിളകം വീട്ടിൽ അലക്സ് പെരേരയെ (60)യാണ് സെന്റ് ആൻഡ്രൂസ് ഭാഗത്തെ കടലിൽ കാണാതായായത്.
ഇന്നലെ രാവിലെ ആറോടെ സെന്റ് ആൻഡ്രൂസിൽ (പുത്തൻതോപ്പ് മത്സ്യഗ്രാമം) നിന്ന് ഏഴു മത്സ്യത്തൊഴിലാളികളുമായി മീൻ പിടിക്കാൻ പോയ വള്ളമാണ് ഇതിനു സമീപത്തെ കടലിൽ തിരയിൽപെട്ടു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മമറ്റ് ആറുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും അലക്സ് പെരേരയെ കണ്ടെത്താനായില്ല. വള്ളത്തിലുണ്ടായിരുന്ന മേരി ജോണ്, ജെയിംസ്, ആന്റണി, ജോയി, തദയൂസ്, ജെയിംസ് ആന്റണി എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
തീരത്തുനിന്ന് അരക്കിലോമീറ്റർ ദൂരത്ത് എത്തിയപ്പോൾ ഉണ്ടായ ശക്തമായ തിരയിൽപ്പെട്ടു വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടത്തിയവർ പറഞ്ഞു. വള്ളത്തിനു കേടുപാടുകളുണ്ടായി. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും സെന്റ് ആൻഡ്രൂസ്, പുത്തൻതോപ്പ് ഭാഗങ്ങളിൽ തെരച്ചിൽ നടത്തുകയാണ്.
വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിന് കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സഹായം വേണമെന്നു സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.