ഹിരോഷിമാദിനം: സുഡാക്കോ പക്ഷിയുടെ മാതൃക സൃഷ്ടിച്ച് സെന്റ് ജോൺസിലെ വിദ്യാർഥികൾ
1582042
Thursday, August 7, 2025 6:42 AM IST
തിരുവനന്തപുരം: സമാധാനത്തിന്റെ പ്രതീകമായ സുഡാക്കോ പക്ഷിയുടെ മാതൃക സൃഷ്ടിച്ച് സെന്റ് ജോൺസ് മോഡൽ സ്കൂൾ വിദ്യാർഥികൾ. ഐക്യദാർഢ്യം പ്രകടിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ് വന്നുചേർന്നപ്പോൾ വിദ്യാർഥികൾക്കെല്ലാം അതിശയവും സന്തോഷവും.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായ ഹിരോഷിമ ദുരന്തത്തിന്റെ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സെന്റ് ജോൺസ് സ്കൂൾ ആയിരം സുഡാക്കോ പക്ഷികളുടെ മാതൃക സൃഷ്ടിച്ച് വേറിട്ട പ്രവർത്തനം നടത്തിയത്. വിദ്യാർഥികൾ അവർ തയാറാക്കിയ സുഡാക്കോ പക്ഷികളെ ഉയർത്തിയപ്പോൾ മന്ത്രി റിയാസും പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലും എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രനും അഡ്വ. വി. ജോയിയും സുഡാക്കോയുടെ വലിയ മാതൃക ഉയർത്തിക്കാട്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടൊരുക്കിയ ദുരന്തത്തിന്റെ എൺപതാണ്ടുകൾ എന്ന ഫോട്ടോ പ്രദർശനം തിരുവനന്തപുരം വൈഎം സിഎയുമായി സഹകരിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബും നാഷണൽ സർവീസ് സ്കീമും പരിപാടിയുമായി സഹകരിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ സമാപനം നാളെ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലിന്റെ അധ്യക്ഷതയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങ് ഉത്ഘാടനം ചെയ്തു. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ,അഡ്വ. വി. ജോയി, വൈഎംസി എ വൈസ് പ്രസിഡന്റ് ് ബിൻസി വി. തോമസ്, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ജൂബിലി കൺവീനർ ബിന്നി സാഹിതി, ബിജു കെ. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ ചിത്ര കലാ അധ്യാപകൻ ജിനി ജോസമാണ് സുഡാക്കോ യുടെ മാതൃക നിർമിച്ചത്.