വസന്തയുടെ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചത് സെയ്ദാലി
1581773
Wednesday, August 6, 2025 6:52 AM IST
പേരൂര്‍ക്കട: അനന്തപുരി മണികണ്ഠന്റെ ഉറ്റസുഹൃത്തായ സെയ്ദലിയാണ് വസന്തയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാര്‍ കാര്‍ഡ് തയാറാക്കിയത്. ഇയാള്‍ 2015ല്‍ തൃശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പൂങ്കുന്നത്ത് അമ്മമാരുടേതായ ഒരു അഗതിമന്ദിരം നടത്തിയിരുന്നു. ഭര്ത്താക്കന്മാര് വിദേശത്തായിട്ടുള്ളവരുടെ വസ്തു വിരലടയാളം പതിച്ച് കൈക്കലാക്കിയതുമായി ബന്ധപ്പെട്ട് ഇവിടെ പോലീസ് ഇയാള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ സംഭവത്തില്‍ സെയ്ദാലി അറസ്റ്റിലാകുകയും 110 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം നേടി മുങ്ങുകയുമായിരുന്നു. സെയ്ദാലിയുടെ ഭാര്യ സ്മിത സെയ്ദാലി, ഇവരുടെ സുഹൃത്ത് ഗായത്രി എന്നിവരും ഈ കേസില്‍ പ്രതികളാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നീണ്ട 10 വര്‍ഷത്തിനുശേഷമാണു സെയ്ദാലിയെ ശാസ്തമംഗലത്തെ ഒരു ഫ്ളാറ്റില്‍ നിന്നു വസ്തുതട്ടിപ്പു കേസുമായി പിടികൂടുന്നത്. ഇയാളുടെ ഭാര്യയും അവരുടെ സുഹൃത്തും ഇപ്പോഴും ഒളിവിലാണെന്നു പോലീസ് അറിയിച്ചു.
photo:
കേസിലെ പ്രതിയായ വസന്ത