പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ചു
1581779
Wednesday, August 6, 2025 6:52 AM IST
വിഴിഞ്ഞം : മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയ യുവാവിനെ പിടിക്കാൻ പോയ പോലീസുകാരനെ പ്രതി ദേഹമാസകലം കടിച്ച് പറിച്ചു. സിനിമാസ്റ്റൈലിൽ തലകൊണ്ട് മുഖത്തിട്ടിച്ചു പരിക്കേൽപ്പിച്ചു. പ്രതിയായ വിഴിഞ്ഞം കരയടി വിളാകം സ്വദേശി മുഹമ്മദ് ഷബീൻ (28)നെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഷബിൻ സ്വന്തം വീട് അടിച്ച് തകർത്ത ശേഷം പിതാവായ നസീറിനെ ആക്രമിക്കുന്നതായ വിവരം നാട്ടുകാർ വിഴിഞ്ഞം പോലീസിൽ അറിയിക്കുയായിരുന്നു.
വിവരമറിഞ്ഞ് സി.ഐ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നസീറിന്റെ വീട്ടിൽ എത്തി. ഷബീനെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പോലീസുകാർക്കു നേരെ തിരിഞ്ഞു. തടയാൻ ശ്രമിച്ച പോലിസുകാരൻ കണ്ണനെ ക്രൂരമായി ആക്രമിച്ചു. നിമിഷനേരംകൊണ്ടു തോളിലും നെഞ്ചിലും കഴുത്തിലും കാലിലും കടിച്ച് പരിക്കേൽപ്പിച്ചു.
തലകൊണ്ട് മുഖത്തിടിച്ചു. ഒടുവിൽ കൂടെയുണ്ടായിരുന്നവർ ചേർന്നു കീഴ്പ്പെടുത്തിയ ഷബീനെ സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ കണ്ണൻ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം അവധിയിൽ പോയി. ഷബീന്റെ പിതാവ് നസീറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് അടിച്ചു തകർത്തതിനും പോലീസിനെയും ആക്രമിച്ച കുറ്റത്തിനും കേസെടുത്ത പോലിസ് ഷബീ നെ കോടതിയിൽ ഹാജരാക്കി.