നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞു
1582046
Thursday, August 7, 2025 6:42 AM IST
കാട്ടാക്കട: നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പെടെ നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാക്കട വീരണകാവ് ജംഗ്ഷനു സമീപം നെയ്യാറിന്റെ 20 അടിയോളം താഴ്ചയുള്ള കനാലിലാണ് ചൊവ്വാഴ്ച രാത്രി 12.30 ഓടെ കാർ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.
വീരണകാവ് സ്വദേശിയായ അഭിലാഷ്-ചിഞ്ചു ദമ്പതികളും ഇവരുടെ രണ്ടു മക്കളുമാ ണു കാറിൽ ഉണ്ടായിരുന്നത്.തമിഴ്നാട് മാർത്താണ്ഡത്തു പോയി മടങ്ങിവരവേ ആയിരുന്നു അപകടം. സുരക്ഷാ വേലികളില്ലാത്ത റോഡിന്റെ വശത്തുകൂടി കുത്തനെ കനാലിലേക്ക് പതിക്കുകയായിരുന്നു കാർ. തലകീഴായി മറിഞ്ഞു വെള്ളത്തിലേക്കു വീണ വാഹനത്തിൽനിന്ന് ഇവർക്കു സുരക്ഷിതരായി ഇറങ്ങാൻ സാധിച്ചു. ഒരു കുട്ടിക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്.
ബഹളംകേട്ടു സമീപവാസികളും വാഹനത്തിൽനിന്നും പുറത്തിറങ്ങിയ സുഭാഷ് ഒരു ബന്ധുവിനെ വിളിച്ചുമാണ് അപകടത്തിൽപെട്ടവരെ കരയ്ക്കു കയറിയത്. തലകീഴായി കിടന്ന കാറിനെ പൂർവസ്ഥിതിയിൽ ആക്കി. കനാലിൽ വെള്ളം കുറവുണ്ടായിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവമുണ്ടായില്ല.
രാവിലെ 10 മണിയോടെ ക്രൈൻ ഉപയോഗിച്ച് ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെത്തിച്ചു. ഈ സമയം കാട്ടാക്കട നെയ്യാർഡാം റോഡിൽ ഗതാഗത തടസമുണ്ടായി. കാറിന്റെ മുകൾഭാഗവും വശങ്ങളുമെല്ലാം തകർന്നിട്ടുണ്ട്. ഒരു വർഷത്തിനിടെ ഇവിടെ ടൂറിസ്റ്റ് വാഹനം ഉൾപ്പെടെ അഞ്ചാമത്തെ വാഹനമാണുണ്ടായത്.
പട്ടക്കുളം മുതൽ കള്ളിക്കാട് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും മീറ്ററുകളോളമാണു കനാലിന്റെ വശങ്ങളിൽ സുരക്ഷാ വേലിയില്ലാത്തത്. ഇടുങ്ങിയ റോഡിലൂടെ വലിയ വാഹനങ്ങൾ സമാന്തരമായി കടന്നു പോകുന്നത് അപകടാവസ്ഥയിലാണ്.
ചെറുവാഹനങ്ങൾ ഇതിനിടയിൽ പെട്ടുപോയാൽ കനാലിലേക്കു പതിക്കുമെന്നതും ഉറപ്പാണ്. റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന കാടുവെട്ടിത്തെളിച്ച് ഇവിടെ അപകട മുന്നറിയിപ്പ് സംവിധാനം എങ്കിലും ഒരുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.