ജവഹർ നഗർ വസ്തു തട്ടിപ്പ് : മണികണ്ഠനെ വസന്തയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു
1582040
Thursday, August 7, 2025 6:42 AM IST
പേരൂര്‍ക്കട: വസ്തുതട്ടിപ്പു കേസിലെ പ്രതി അനന്തപുരി മണികണ്ഠനെ കരകുളം സ്വദേശിനി വസന്തയുടെ മരുതൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് മണികണ്ഠനെ മരുതൂരില്‍ എത്തിച്ചത്. ഇയാളുടെ ഒരു സുഹൃത്തായ സുനില്‍ ബാബു തോമസ് ആണ് വസന്തയെ മണികണ്ഠനു പരിചയപ്പെടുത്തി നല്‍കിയത്.
ജവഹര്‍ നഗറിലെ വസ്തുവുടമയായ ഡോറ അസറിയ ക്രിപ്സുമായി വസന്തയ്ക്ക് രൂപസാദൃശ്യമുണ്ടെന്നു സുനിലാണ് മണികണ്ഠനോടു പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍കോളജില്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വസന്തയെ സബ്രജിസ്ട്രാര്‍ ഓഫീസിലേക്ക് കൊണ്ടുവരുന്നതും ഫോട്ടോയെടുക്കുന്നതും വ്യാജരേഖ ചമയ്ക്കുന്നതും.
വസന്തയ്ക്കു ചികിത്സാ സഹായം വാങ്ങിനല്‍കാമെന്നു പറഞ്ഞാണ് ഇവരെ സബ്രജിസ് ട്രാര്‍ ഓഫീസില്‍ എത്തിക്കുന്നത്. സുനില്‍ വയോധികയായ വസന്തയെ മണികണ്ഠനു പരിചയപ്പെടുത്തിയതു മരുതൂരില്‍ വച്ചാണെന്നു പോലീസ് പറഞ്ഞു. ഒരുതവണയാണ് വസന്തയുടെ വീട്ടില്‍ മണികണ്ഠന് എത്തിയത്.
ഡോറയുടെ മുഖത്തിനു പകരം വസന്തയുടെ മുഖം വ്യാജരേഖകളില്‍ ചേര്‍ക്കാന്‍ സാധിക്കുമോയെന്നും സംശയമുണ്ടാകാത്തവിധം കാര്യങ്ങള്‍ സാധിച്ചെടുക്കാനാകുമോയെന്നും അറിയുന്നതിനുവേണ്ടിയാണ് ഇയാള്‍ എത്തിയത്. നേരിട്ടുകണ്ടു വസന്തയുടെ ഫോട്ടോ ഉപയോഗിക്കാനാകുമെന്നു തീര്ച്ചപ്പെടുത്തുന്നതിനായിരുന്നു മണികണ്ഠന്റെ വരവ്. താന്‍ ഒരുതവണ മാത്രമേ ഇവിടെ വന്നിട്ടുള്ളൂവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.
ബുധനാഴ്ചത്തെ തെളിവെടുപ്പു പൂര്‍ത്തീകരിച്ചശേഷം മണികണ്ഠനെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച മണികണ്ഠനെ ഇയാളുടെ വാടകവീട്ടിലും യഥാര്‍ത്ഥ വീട്ടിലുമെത്തിച്ചു തെളിവെടുക്കുമെന്നു മ്യൂസിയം സിഐ അറിയിച്ചു.