ചാലിയാർ റിവർ പാഡിലിന് തുടക്കം
1596748
Saturday, October 4, 2025 4:35 AM IST
നിലന്പൂർ: ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിംഗ് യാത്രയായ ചാലിയാർ റിവർ പാഡിലിന് നിലന്പൂരിൽ ഉജ്വല തുടക്കം. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിംഗ് ബോധവത്ക്കരണ യാത്ര പതിനൊന്നാം തവണയാണ് സംഘടിപ്പിക്കുന്നത്. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ്വഞ്ചിയിലും ചുരുളൻ വള്ളത്തിലുമായാണ് മൂന്ന് ദിവസത്തെ യാത്ര.
നിലന്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ചാലിയാർ പുഴയുടെ കളത്തിൻകടവിൽ ഇന്നലെ വൈകിട്ട് മൂന്നിനാണ് യാത്ര ആരംഭിച്ചത്. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൾ വഹാബ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. നിലന്പൂർ നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജിംഗ് ഡയറക്ടർ റിൻസി ഇക്ബാൽ, മാനേജർ പ്രസാദ് തുന്പാണി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ, കൗണ്സിലർ റഹ്മത്തുള്ള ചുള്ളിയിൽ, ജോയ് മാറാട്ടുകുളം, ഉമ്മർക്കോയ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. രാജ്യത്തു നിന്നും വിദേശത്തുനിന്നുമായി 75 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്.
ഏഴ് മുതൽ 67 വയസ് വരെയുള്ളവരാണ് സംഘത്തിലുള്ളത്. ഇതിൽ ഏഴ് വനിതകളും നാല് കുട്ടികളുമുണ്ട്. ബംഗളൂരു സ്വദേശിനിയായ ഏഴ് വയസുകാരി സ്വര അയ്യറാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഏറ്റവും പ്രായം കൂടിയാൾ 67 കാരനും കോഴിക്കോട് സ്വദേശിയുമായ ആഷാ ലാലും. ഇരുപത്തിയൊന്നുകാരനായ റായൻ കോടിത്തോടികയാണ് യാത്ര നയിക്കുന്നത്. ചാലിയാറിലൂടെ ഇവർ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. ഇന്നലെ നിലന്പൂരിൽ നിന്ന് മന്പാട് വരെ എട്ട് കിലോമീറ്റർ സഞ്ചരിച്ചു.
മൂന്നു ദിവസങ്ങൾ കൊണ്ട് ചാലിയാർ പുഴയിൽ നിന്ന് 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുകയാണ്് ലക്ഷ്യം. പുഴയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും.
പിന്നീട് ഈ മാലിന്യം വേർതിരിച്ച് പുന:ചംക്രമണത്തിന് അയക്കും. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബിൽ യാത്ര സമാപിക്കും.