കായിക വികസനത്തിന് മലപ്പുറത്തിന് മൂന്ന് കോടി കൂടി
1596290
Wednesday, October 1, 2025 8:14 AM IST
മലപ്പുറം: കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മലപ്പുറം ജില്ലയ്ക്ക് കായിക വകുപ്പിന്റെ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ കൂടി അനുവദിച്ചു. തിരൂർ, താനൂർ, മഞ്ചേരി എന്നിവിടങ്ങളിലെ നാലു പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്.
തിരൂർ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസിന് ഗ്രൗണ്ട് നിർമിക്കാൻ 87.55 ലക്ഷവും തിരൂർ മുൻസിപ്പാലിറ്റിയിലെ എഴൂർ ഗവണ്മെന്റ് എച്ച്എസ്എസിന് 93.75 ലക്ഷവും മഞ്ചേരി പയ്യനാട് ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ കെട്ടിടത്തിന് ഒരു കോടി അറുപത്തയ്യായിരം രൂപയാണ് അനുവദിച്ചത്. താനൂർ നിയോജക മണ്ഡലത്തിലെ ഒഴൂർ ജിയുപി സ്കൂളിൽ കായിക വകുപ്പ് നിർമിച്ച സിന്തറ്റിക് ഫുട്ബോൾ ടർഫിന് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്താൻ 23.35 ലക്ഷം രൂപയും നൽകി.
കഴിഞ്ഞ ഒന്പത് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 250 കോടിയോളം രൂപ ചെലവഴിച്ചു. ഇതിൽ 100 കോടിയോളം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. 150 കോടിയോളം രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
താനൂർ കാട്ടിലങ്ങാടിയിലും തവനൂർ മണ്ഡലത്തിലെ എടപ്പാളിലുമായി 30 കോടിയോളം രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് ഉന്നത നിലവാരമുള്ള കായിക സമുച്ചയങ്ങൾ പൂർത്തിയാക്കി. കാട്ടിലങ്ങാടി സ്കൂളിൽ മൾട്ടി പർപ്പസ് ഗ്രൗണ്ട് നിർമിക്കുന്നതിന് 1.28 കോടി കൂടി അനുവദിച്ചു.
നിറമരുതൂർ സ്കൂൾ, ദേവ്ധാർ സ്കൂൾ, താനൂർ റീജിയണൽ ഫിഷറീസ് സ്കൂൾ, പൊന്നാനിയിലെ മുക്കുതല സ്കൂൾ, വെളിയങ്കോട്, തവനൂർ എന്നിവിടങ്ങളിൽ മികച്ച സ്റ്റേഡിയങ്ങൾ ഒരുക്കി. പൊന്നാനി നിളാ തീരം സ്പോർട്സ് കോംപ്ലക്സ് നിർമാണം കഴിഞ്ഞ മാസം തുടങ്ങി. 18 കോടിയാണ് ചെലവ്.
കാലിക്കട്ട് സർവകലാശാല കാന്പസിൽ ഫിഫ നിലവാരത്തിലുള്ള അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ 35 ഏക്കറോളം ഭൂമി വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തികൾക്കായി കിഫ്ബി ഫണ്ട് 125 കോടി രൂപ വിനിയോഗിക്കും. താനൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റേഡിയം നിർമാണം തുടങ്ങി. രണ്ടു കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.